കുവൈത്തില്‍ കടല്‍മാര്‍ഗം കൊണ്ടുവന്ന വിദേശമദ്യം അധികൃതര്‍ പിടിക്കൂടി. ഷുഎൈബ തുറമുഖം വഴി രാജ്യത്ത് ഇറക്കാന്‍ ശ്രമിച്ച 8000 കുപ്പി വിദേശ മദ്യമാണ് കസ്റ്റംസും ആഭ്യന്തര മന്ത്രാലയം അധികൃതരും ചേര്‍ന്ന് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു ജി.സി.സി രാജ്യത്ത് നിന്നെത്തിയ ചരക്കുകപ്പലില്‍ വിദേശമദ്യം കടത്തുന്നതായിട്ടായിരുന്നു സന്ദേശം. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസ് വകുപ്പിലെ അന്വേഷണ വിഭാഗവും നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടിച്ചെടുത്തത്. കണ്ടയ്‌നറിനുള്ളില്‍ നിരവധി ഹാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി 8432 കുപ്പി മദ്യമാണ് സംയുക്ത നീക്കത്തിലൂടെ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അധികൃതരുടെ പിടിയിലായിട്ടുണ്ട്. കണ്ടെയ്‌നര്‍ പുറത്തേക്ക് കൊണ്ടുപോകാനുള്ള അനുമതിയ്‌ക്ക് ശ്രമിച്ച അറബ് വംശജനും ഇവ ഇറക്കുമതിയക്ക് ശ്രമിച്ച ജോര്‍ജിയന്‍ പൗരനുമാണ് അറസ്റ്റിലായത്. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഷുവൈഖ് തുറമുഖത്തുനിന്നും രണ്ട് കണ്ടെയ്‍നറുകള്‍ പരിശോധനയില്ലാതെ കടത്തികൊണ്ടുപോയ സംഭവം വന്‍ വിവാദമായിരുന്നു. വിഷയം പാര്‍ലമെന്റിലടക്കം ചര്‍ച്ചയായതോടെ കസ്റ്റംസ് വകുപ്പ് ഡയറക്ടറെ മാറ്റിയായിരുന്നു അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍, പരിശോധനയില്ലാതെ പുറത്തേക്ക് പേയ കണ്ടയ്‍നറുകളില്‍ മദ്യമാണന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഷുവൈഖ് തുറമുഖത്ത് പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഷുഎൈബ തുറമുഖത്ത് നിന്ന് മദ്യശേഖരം പിടിക്കൂടിയത്.
