കൊച്ചി: കൊച്ചിയിൽനിന്നു പുറംകടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ബോട്ടുടമയ്ക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകാൻ ധാരണ. ഒന്നേമുക്കാൽ കോടി രൂപയാണ് കപ്പൽ കമ്പനി നഷ്ടപരിഹാരമായി നൽകുക. ബോട്ടുടമ ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ധാരണയായത്.
കാർമൽമാത ബോട്ടാണ് ഫോർട്ട്കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. പാനമയിൽ രജിസ്റ്റർ ചെയ്ത ആംബർ-എൽ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചത്. ബോട്ട് തകർന്നു മൂന്നുപേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 14 പേരിൽ 11 പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടിൽ എത്തിയവർ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ മൽസ്യബന്ധന ബോട്ട് പൂർണമായും തകർന്നിരുന്നു.
