Asianet News MalayalamAsianet News Malayalam

വയനാട്ടിലെ തേയിലത്തോട്ടത്തിൽ ഇറങ്ങിയ പുലിയെ കൂട്ടിലാക്കി

പുലിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് വനപാലകർ അറിയിച്ചു. കമ്പി കുരുക്കിൽ പെട്ടതിനാൽ ശരീരത്തിൽ രക്തയോട്ടം കുറഞ്ഞിട്ടുണ്ട്. അത് പരിഹരിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും വനപാലകർ വിശദീകരിച്ചു.

forest guards captured the leopard from meppadi tea estate
Author
Meppadi, First Published Jan 22, 2019, 11:26 AM IST

വയനാട്: മേപ്പാടി അരപ്പറ്റയിലെ ജനവാസകേന്ദ്രത്തിന് സമീപമുള്ള തേയിലത്തോട്ടത്തിൽ ഇറങ്ങിയ പുലിയെ പിടികൂടി. മയക്കുവെടി വച്ച് പിടിച്ച പുലിയെ വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി. പുലിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് വനപാലകർ അറിയിച്ചു. കമ്പി കുരുക്കിൽ പെട്ടതിനാൽ ശരീരത്തിൽ രക്തയോട്ടം കുറഞ്ഞിട്ടുണ്ട്. അത് പരിഹരിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും വനപാലകർ വിശദീകരിച്ചു.

രാവിലെ തേയിലത്തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാഴികളാണ് തേയിലച്ചെടികൾക്കിടയിലെ കമ്പിയിൽ പുലി കുടുങ്ങിക്കിടക്കുന്നത് കണ്ടത്. എസ്റ്റേറ്റിലെ റോഡിന് തൊട്ടരുകിലുള്ള ചരിവിലാണ് പുലി കുടുങ്ങിയത്. പരിഭ്രാന്തരായ തൊഴിലാളികൾ ഉടൻ എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകരും. മൃഗഡോക്ടമാരുടെ സംഘവുമെത്തി. മയക്കുവെടി വച്ചാണ് പുലിയെ കൂട്ടിലാക്കിയത്. കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ പുലി കുടുങ്ങിയതാണോ എന്ന് വനപാലകർക്ക് സംശയമുണ്ട്. 

ഈ പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം ഉണ്ടെന്ന് നേരത്തേ തന്നെ വാർത്തകളുണ്ടായിരുന്നു. അടുത്തിടെ കൽപ്പറ്റ നഗരത്തിനടുത്ത് ജനവാസപ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടിയിരുന്നു. അതിന് 20 കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ പുലി കുടുങ്ങിയ മേപ്പാടി അരപ്പറ്റ പ്രദേശം. ജനവാസകേന്ദ്രങ്ങളിലേക്ക് തുടർച്ചയായി പുലിയിറങ്ങുന്നതിന്‍റെ അങ്കലാപ്പിലാണ് നാട്ടുകാർ.

Follow Us:
Download App:
  • android
  • ios