ഇടുക്കി: ലക്കികൂപ്പണിന്‍റെ പേരില്‍ പണം തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശിയ എസ്റ്റേറ്റ് തൊഴിലാളി തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി. തമിഴ്‌നാട് മധുര സ്വദേശി തമിഴ്‌സെല്‍വം (42)നെയാണ് കണ്ണന്‍ ദേവന്‍ കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റ് റൈറ്റര്‍ ജയപ്രകാശ് (45) തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയത്. മൂന്നുമാസം മുമ്പ് തമിഴ്‌സെല്‍വം എസ്റ്റേറ്റിലെത്തി ലക്കികൂപ്പണുകള്‍ വിതരണം നടത്തുകയും ജയപ്രകാശിന്റെ ടിക്കറ്റിന് സ്‌കൂട്ടര്‍ ലഭിച്ചതായി അറിയിക്കുകയും ചെയ്തു. 

തമിഴ്‌നാട്ടില്‍ സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്റെ ഭാഗമായി അക്കൗണ്ടില്‍ 20000 രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടുതവണയായി പണം നല്‍കിയെങ്കിലും വാഹനമെത്തിക്കാന്‍ ഇയാള്‍ തയ്യറായില്ല. ഫോണില്‍ തമിഴ്‌സെല്‍വത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജനുവരി 28ന് തമിഴ്‌നാട്ടില്‍ നിന്നും ജയപ്രകാശ് തമിഴ്‌സെല്‍വത്തെ എസ്റ്റേറ്റിലെത്തിച്ച് ബന്ധിയാക്കുകയായിരുന്നു. ഈ സമയം തമിഴ്‌സെല്‍വത്തിന്റെ അക്കൗണ്ടില്‍ നിന്നും 92000 രൂപ നഷ്ടപ്പെട്ടുകയും ചെയ്തു.

ഇതിനിടയില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ മധുര സുലൈമാന്‍ സ്റ്റേഷനില്‍ പരാതിനല്‍കി. തമിഴ്‌സെല്‍വത്തെ അന്വേഷിച്ച് കേരളത്തിലേക്ക് പുറപ്പെട്ട തമിഴ്‌നാട് പോലീസ് തേനിയില്‍വെച്ച് തമിഴ്‌സെല്‍വത്തെ കണ്ടുമുട്ടുകയും ഇയാളുമായി ബുധനാഴ്ച രാവിലെ ഗൂഡാര്‍വിള എസ്റ്റേറ്റിലെത്തുകയായിരുന്നു. ജയപ്രകാശിന്റെ വീട്ടിലെത്തിയ സംഘം ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവെച്ച് ദേവികുളം പോലീസിന് കൈമാറി. പോലീസിന്റെ നേത്യത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.