വഡോദര: പരീക്ഷയെഴുതി 11 വര്‍ഷം കഴിഞ്ഞിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സര്‍വ്വകലാശാലാ ആസ്ഥാനത്തിന് തീയിട്ടു. തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ ചന്ദ്രമോഹൻ എന്നയാളാണ് എം.എസ് സര്‍വകലാശാലയില്‍ പെട്രോളൊഴിച്ച് തീ കത്തിച്ചത്. സര്‍വകലാശാലയില്‍ നിന്ന് 2007ല്‍ ഫൈന്‍ ആര്‍ട്സ് പഠനം പൂര്‍ത്തിയാക്കിയ ആളാണ് ചന്ദ്രമോഹന്‍.
പഠിക്കുന്ന കാലത്ത് ചന്ദ്രമോഹന്‍ നടത്തിയ ഒരു ചിത്ര പ്രദര്‍ശനത്തില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആഭാസകരമായി ചിത്രീകരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇത് തുടര്‍ന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള നിരവധി ചര്‍ച്ചകള്‍ക്കും നാന്ദികുറിച്ചു. ഇതൊക്കെ കഴിഞ്ഞ് പഠനവും പൂര്‍ത്തിയാക്കി 11 വര്‍ഷം കാത്തിരുന്നിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല. യൂണിവേഴ്സിറ്റിയിലേക്ക് നിരവധി തവണ കത്തയച്ചിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് കാരണം തേടി സർവകലാശാല വൈസ് ചാൻസലര്‍ പരിമൾ വ്യാസിനെ ഇന്ന് കാണാനെത്തി.
വി.സിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടന്ന വാക്ക് തർക്കത്തിനൊടുവില്‍ ഇയാൾ ഒരു കുപ്പി പെട്രോളുമായി വന്ന് ഓഫീസിലെ സോഫയിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സർവകലാശാലാ സിൻഡിക്കേറ്റ് അംഗമായ ജിഗാർ ഇനാമ്ദാറിന് സംഭവത്തില്‍ ചെറിയ പരുക്കേറ്റതായും പൊലീസ് പറയുന്നു. മോഹനെ അറസ്റ്റു് ചെയ്തിട്ടുണ്ട്. സംഭവം സങ്കടകരമാണെന്ന് പറഞ്ഞ വി.സി, താന്‍ സ്ഥലത്തില്ലായിരുന്നെന്നും പ്രതികരിച്ചു. ചന്ദ്രമോഹൻ ഒരു ദിവസം കൂടി കാത്തിരുന്നാൽ മതിയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
