തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസനെ അഭിനന്ദിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. നടി ക്രൂരമായി അക്രമിക്കപ്പെട്ട കേസ് കേരള പോലീസിന് ഒരു ടെസ്റ്റ് കേസ്സാണെന്ന് ജൂണ്‍ 30 ന് ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ 'ടെസ്റ്റി'ല്‍ ഒന്നാം ഘട്ടം കേരള പോലീസ് വിജയകരമായി പിന്നിട്ടതില്‍ സംതൃപ്തിയുണ്ടെന്ന് സുധീരന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്റെ അഭിനന്ദനം. കേസന്വേഷണം നടത്തിയ പോലീസ് ടീമിനോടുള്ള മതിപ്പ് രേഖപ്പെടുത്തുന്നു.
ശക്തമായ ജനവികാരമാണ് പോലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യത്തിന് വഴിയൊരുക്കിയത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് അതി നിര്‍ണ്ണായകവും അഭിനന്ദനീയവുമാണ്.
തുടക്കം മുതലേ ഈ സംഭവുമായി ബന്ധപ്പെട്ട് നീതിപൂര്‍വ്വമായ അന്വേഷണം നടത്തുന്നതിന് വേണ്ടി പി. റ്റി. തോമസ് എം.എല്‍.എയുടെ ഭാഗത്തുനിന്നുമുണ്ടായ ജാഗ്രത തികച്ചും മാതൃകാപരമാണ്. സത്യം പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉപവാസസമരം ഉള്‍പ്പടെ നടത്താന്‍ അദ്ദേഹം തയ്യാറായത് ഇത്തരുണത്തില്‍ സ്മരണീയമാണ്.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഗൂഢാലോചനയില്ലെന്ന മുന്‍വിധിയോടെയുള്ള അഭിപ്രായ പ്രകടനം നടത്തിയ മുഖ്യമന്ത്രിക്കും കൃത്യമായ ഒരു പാഠമാണ് ഈ കേസ് നല്‍കുന്നത്. ഏത് സമ്മര്‍ദ്ദമുണ്ടായാലും ഇതുപോലെ മുന്‍വിധിയോടെ അഭിപ്രായങ്ങള്‍ പറയാതിരിക്കുക. കേസന്വേഷണത്തിന് പോലീസിനെ സ്വതന്ത്രമായി വിടുക.
