നന്ദകുമാർ ചൗഹാനും കൂടെയുള്ളവരും ടോൾ ബൂത്തിന് സമീപം നിൽക്കുമ്പോൾ ജീവനക്കാർ‌ ഐഡന്റിറ്റി കാർഡ് ചോദിച്ചു. ഇതിനെതുടർന്നാണ് ബിജെപി നേതാവും സഹായികളും ജീവനക്കാരെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ തുടങ്ങിയത്. 

മധ്യപ്രദേശ്: മധ്യപ്രദേശിലെ മുൻ ബിജെപി നേതാവും സഹായികളും ചേർന്ന് ടോൾ ബൂത്ത് ജീവനക്കാരെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ​ഗുണശിവപുരി റോഡിലെ ​ടോൾ പ്ലാസയിൽ വച്ചാണ് മുൻ സംസ്ഥാന ബിജെപി പ്രസിഡന്റും നിയമോപദേഷ്ടാവുമായ നന്ദകുമാർ സിം​ഗ് ചൗഹാനും കൂട്ടാളികളും ചേർന്ന് ജീവനക്കാരെ മർദ്ദിച്ചത്. ദേശീയമാധ്യമമായ എന്‍ഡിറ്റിവിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

നന്ദകുമാർ ചൗഹാനും കൂടെയുള്ളവരും ടോൾ ബൂത്തിന് സമീപം നിൽക്കുമ്പോൾ ജീവനക്കാർ‌ ഐഡന്റിറ്റി കാർഡ് ചോദിച്ചു. ഇതിനെതുടർന്നാണ് ജീവനക്കാരെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ തുടങ്ങിയത്. ടോൾ‌ ബൂത്തിന്റെ ഓഫീസിനകത്ത് കയറിയും ഇവർ ആക്രമിച്ചതായി ടോൾ‌ മാനേജർ മഹേന്ദ്രസിം​ഗ് ടോമർ പറയുന്നു. ഇവരുടെ ആക്രമത്തിൽ പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിലാണ്. എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോ​ഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

കോൺ​ഗ്രസ് നേതൃത്വം ഈ സംഭവത്തിനെതിരെ രൂക്ഷപ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ കോൺ​ഗ്രസ് നേതാവായ അജയ് സിം​ഗ് സംഭവത്തെ രൂക്ഷഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ''സംസ്ഥാനത്തിന്റെ നിയമസംവിധാനങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ നേർക്കാഴ്ചയാണിത്.'' നന്ദകുമാർ ചൗഹാനെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം. അജയ് സിം​ഗ് പ്രതികരിച്ചു.

എന്നാൽ ബിജെപി വക്താവ് രാഹുൽ കോത്താരിയുടെ അഭിപ്രായത്തിൽ ഇത്തരത്തിലൊരു പ്രതികരണം നന്ദകുമാർ ചൗഹാനിൽ നിന്ന് ഉണ്ടാകില്ല എന്നായിരുന്നു. ടോൾ ജീവനക്കാർ പ്രകോപിപ്പിച്ചത് കൊണ്ടാകാം അദ്ദേഹം അങ്ങനെ പെരുമാറിയത് എന്നാണ് രാഹുൽ കോത്താരി പറയുന്നത്. സംഭവത്തെക്കുറിച്ച് സത്യസന്ധമായി അനേവഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

അടുത്ത അഞ്ച് ദിവസങ്ങളിലായി അമിത് ഷാ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ക്യാംപെയിൻ സംഘടിപ്പിക്കുന്നുണ്ട്. ഇൻ‌ഡോർ‌, ജാബുവാ., രത്ലം, ഉജ്ജെയിൻ എന്നിവിടങ്ങളിലാണ് ക്യാംപെയിൻ സംഘടിപ്പിച്ചിരിക്കുന്നത്. കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ ​ഗാന്ധിയും ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായ എത്തിച്ചേരുന്നുണ്ട്.