മട്ടാഞ്ചേരി സ്വദേശി ഷിബിലി, തോപ്പുംപടി സ്വദേശി ഡാനി, ഉദയംപേരൂര്‍ സ്വദേശി ശരത്, തലശേരി സ്വദേശി മുസ്തഫ എന്നിവരാണ് പിടിയിലായത്. കൊച്ചിയില്‍ ഇലക്ട്രോണിക്‌സ് ബിസിനസ് നടത്തുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഒന്നാം പ്രതി ഷിബിലിയാണ് ആദ്യം പരിചയപ്പെട്ടത്. തുടര്‍ന്ന് തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ച് ലഹരി കലര്‍ന്ന പാനീയം കുടിക്കാന്‍ കൊടുത്തു. 12 മണിക്കൂറിന് ശേഷമാണ് ഉണര്‍ന്നത്. സംശയം തോന്നിയ യുവാവ് ഫ്ളാറ്റില്‍ നിന്ന് രക്ഷപെട്ടു. എന്നാല്‍ തൊട്ടുത്ത ദിവസം ഷിബിലിയും മറ്റു പ്രതികളും യുവാവിനെ സമീപിച്ചു. രണ്ട് സ്‌ത്രീകള്‍ക്കൊപ്പമുള്ള നഗ്നചിത്രങ്ങളാണ് പ്രതികള്‍ കാണിച്ചത്. ഇത് പുറത്തു വിടാതിരിക്കാന്‍ പത്തുലക്ഷം രൂപയും ആവശ്യപ്പെട്ടു. എന്നാല്‍ കെണിയില്‍പ്പെട്ട യുവാവ് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കെണിയൊരുക്കിയാണ് പ്രതികളെ കുടുക്കിയത്. രണ്ട് സ്‌ത്രീകളടക്കം നാലുപേര്‍ കൂടി ഈ സംഘത്തിലുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.