100 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഫ്രാൻസിലുണ്ടായിരിക്കുന്നത്. ഫ്രാൻസിൽ അതിശക്തമായ മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാരിസിലെ പ്രശസ്ത മ്യൂസിയം ലൂവർ അടച്ചു. രാജ്യത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയിൽ ഇത് വരെ 10 പേരാണ് മരിച്ചത്. വെള്ളപ്പൊക്കം നേരിടാൻ പ്രാദേശിക ഭരണാധികാരികൾക്ക് ധന സഹായം അനുവദിക്കുമെന്ന് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് പറഞ്ഞു. ആയിരങ്ങൾ വീടുവിട്ട് പലായനം ചെയ്യുകയാണ്. വഴിയിൽ വാഹനങ്ങളിലെത്തി വെള്ളത്തിൽ കുടുങ്ങിയവരെ സൈന്യം രക്ഷപ്പെടുത്തുന്നുണ്ട്.

പാരീസിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു മെട്രോ ലൈൻ അടച്ചു. ഒരാഴ്ച നീണ്ട കൊടുങ്കാറ്റിനു പിന്നാലെയെത്തിയ മഴ തെരുവുകളെ വെള്ളത്തിൽ മുക്കി. സ്കൂളുകൾ അടച്ചു. ആളുകൾ കെട്ടിടങ്ങളുടെ ടെറസ്സിൽ കുടുങ്ങിയിരിക്കുകയാണ്. സീൻ അടക്കമുള്ള നദികൾ കരകവിഞ്ഞൊഴുകിയതോടെ നദീതീരങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. ജർമനിയിൽ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് ആളപായമുണ്ടായത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ബവേറിയ പട്ടണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായി.