പാരീസ്: അടുത്ത വര്‍ഷം നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഫ്രാൻസ്വ ഫിയോന്‍ റിപ്പബ്ലിക്കൻ പാര്‍ട്ടി സ്ഥാനാര്‍ത്ഥി. രണ്ടാം പ്രൈമറിയിൽ അലൈ ഷൂപെയെ തോൽപ്പിച്ചാണ് ഫിയോന്‍ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ പ്രൈമറിയിൽ ഫ്രഞ്ച് മുൻ പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസിയെ പിന്തള്ളിയാണ് ഫിയോന്‍ രണ്ടാം പ്രൈമറിയിൽ എത്തിയത്.

രണ്ടാം പ്രൈമറിയില്‍ എതിരാളി അലൈ ഷൂപെയെ ബഹുദൂരം പിന്നിലാക്കിയ ഫിയോനിന് 68.6 ശതമാനം പേരുടെ പിന്തുണ കിട്ടി. പ്രധാനമന്ത്രിയായിരിക്കെ സാമ്പത്തിക, സാമൂഹിക വിഷയങ്ങളിലെടുത്ത നിര്‍ണായക തീരൂമാനങ്ങൾക്കുള്ള അംഗീകാരമാണ് ഫിയോനിന്റെ ജയമെന്നാണ് വിലയിരുത്തൽ.ഫ്രഞ്ച് ജനത തന്നിൽ വിശ്വാസ മര്‍പ്പിച്ചിരിക്കുന്നു. അത് പാലിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിൽ ഫിയോന്‍ പറഞ്ഞു.

അടുത്തവര്‍ഷം മെയിലാണ് ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇടതുപക്ഷം വിഭജിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഫിയോനിന് നേരിയ മേൽക്കൈ ഉണ്ട്. സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി മറി ലീയൂ പെന്നിനാണ് ഫിയോനിന് വെല്ലുവിളിയായുള്ളത്. നിലവിലെ പ്രസിഡന്റ് ഫ്രാൻസ്വ ഒലോന്ദ്, പ്രധാനന്ത്രി മാനുവൽ വാലസ് തുടങ്ങിയവരും മത്സരരംഗത്ത് ഉണ്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രാഥമിക ഘട്ടതെരഞ്ഞെടുപ്പ് ജനുവരിയിലാണ് നടക്കുക. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാതൃകയിലുള്ള ഫ്രാൻസിലെ ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്