ജനാധിപത്യ സംരക്ഷണത്തിനായി ഇടതു പക്ഷത്തിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു

ഇടുക്കി: മുന്നണി പ്രവേശനത്തില്‍ എൽ ഡി എഫിനോട് നന്ദിയുണ്ടെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാൻസിസ് ജോർജ്ജ്. ജനാധിപത്യ സംരക്ഷണത്തിനായി ഇടതു പക്ഷത്തിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി ഇടുക്കി സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് വിഭജന ചർച്ച വരുമ്പോൾ മുന്നണിയിൽ അഭിപ്രായം അറിയിക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.

എൽഡിഎഫ് പ്രവേശനത്തിൽ സന്തോഷമുണ്ടെന്ന് കെബി ഗണേഷ് കുമാർ എംഎൽഎയും പ്രതികരിച്ചു. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല. അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കും എന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നത് എന്ന് ആര്‍ ബാലകൃഷ്ണപിളളയും പ്രതികരിച്ചു. കേരള കോണ്‍ഗ്രസ്(ബി)യെ ഇടത് മുന്നണിയിലെടുത്തത് നല്ല തീരുമാനമെന്നും ആര്‍ ബാലകൃഷ്ണപിളള പറഞ്ഞു. ശബരിമല വിഷയത്തിൽ എൽഡിഎഫിന്‍റെ നിലപാട് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നും കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. 

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫിന്‍റെ വിപുലീകരണം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിശദീകരിച്ചു.