ആലുവയില്‍ സഹകരണ സ്ഥാപനം രൂപീകരിച്ച് ആറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയാള്‍ പിടിയില്‍. സഹകരണ സ്ഥാപനത്തിന്‍റെ പ്രസിഡന്‍റായ തൃശൂര്‍ ചേലക്കര സ്വദേശിയാണ് പിടിയിലായത്. സ്ഥാപനത്തില്‍ ഡയറക്ടറാക്കാമെന്നും ഓഹരി വാഗ്ദാനം നല്‍കിയുമായിരുന്നു തട്ടിപ്പ്.
ആലുവയില്‍ തിരു-കൊച്ചി കാര്‍ഷിക ഉത്പാദന സംസ്കരണ സംഘം എന്ന സ്ഥാപനം രൂപീകരിച്ചായിരുന്നു തട്ടിപ്പ്. സ്ഥാപനത്തില്‍ ഡയറക്ടറാക്കാമെന്ന് വാഗ്ദാനം ചെയ്ത് തൃശൂര്‍ ചേലക്കര സ്വദേശി സുനില്‍ നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചെന്നിത്തലയുടെ ഉദ്ഘാടന ചിത്രം കാണിച്ച് ആളുകളുടെ വിശ്വാസം നേടിയ ശേഷമായിരുന്നു തട്ടിപ്പ്. ഡയറക്ടറാക്കാമെന്ന വാഗ്ദാനത്തില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചയാള്‍ കണക്ക് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. നിക്ഷേപകരില്‍ നിന്നുള്ള പണം സുനില്‍ സ്വന്തം അക്കൗണ്ടിലേക്കാണ് മാറ്റിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പതിനയ്യായിരം രൂപ വേതനത്തില്‍ ജോലിക്കെടുത്ത 45 ജീവനക്കാര്‍ക്ക് മൂവായിരം രൂപ മാത്രമാണ് സുനില്‍ ശമ്പളം നല്‍കിയിരുന്നത്. കൂടാതെ തുടങ്ങാനിരിക്കുന്ന സ്ഥാപനങ്ങളിലേക്ക് ആയിരം പേരെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രപരസ്യവും നല്‍കിയിരുന്നു. ഒരു കൊലക്കേസില്‍ പ്രതിയായ സുനില്‍ തൃശൂരിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
