പ്രതികള്‍ പിടിയിലായത് അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് പ്രതികളെ കോടതിയില്‍ ഹാജരാക്കും
ഇടുക്കി: ചെറുകിട കഞ്ചാവു കേസുകളില് പിടിയിലാവുന്നവരുടെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകാതെ എക്സൈസ് ഉദ്യോഗസ്ഥരുടെ ഒളിച്ചു കളി. ഇടുക്കിയിലെ എക്സൈസ് റെയ്ഞ്ച് ഓഫീസിലാണ് കഞ്ചാവ് കേസുകളിൽ പിടിയിലാവുന്ന പ്രതികളുടെ പടം മാധ്യമങ്ങളില് വരാതിരിക്കുന്നതിന് വേണ്ടിയുള്ള കച്ചവടം നടക്കുന്നത്.സമീപകാലത്തായി പല കേസുകളിലും പിടിയിലാവുന്ന പ്രതികളെ മാധ്യമപ്രവർത്തകരെ അറിയിക്കാതെയാണ് കോടതിയിൽ ഹാജരാക്കുന്നത്. ചില കേസുകളിൽ കൃത്യമായി ഫോട്ടോയും മറ്റു വിവരങ്ങളും കൈമാറുകയും ചെയ്യും.
പണം നല്കാത്ത പ്രതികളുടെ പടവും വാര്ത്തയും എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിപ്പിക്കുക. തമിഴ്നാട്ടില് നിന്നും അതിര്ത്തി കടന്ന് ബോഡിമെട്ട് എക്സൈസിന്റെ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നത് വ്യാപകമാണ്. ആധുനിക ബൈക്കുകളിലും അടിവസ്ത്രത്തിനടയില് ഒളിപ്പിച്ചും ഇതുവഴി കഞ്ചാവ് കടത്തുന്നതിനിടയില് പിടിയിലാകുന്നത് ഭൂരിഭാഗവും വിദ്യാര്ത്ഥികളും യുവാക്കളുമാണ്.
ചെക്ക് പോസ്റ്റില് വിദ്യാര്ത്ഥികളോ യുവാക്കളോ പിടിയിലായാൽ ഉടന് തന്നെ തൊട്ടടുത്ത എക്സൈസ് റേയ്ഞ്ച് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥര് സ്ഥലത്തെത്തും. പിടിയിലായ വിവിരം ആരെയും അറിയിക്കാതെ ഓഫീസിലേക്ക് കൊണ്ടുപോകും തുടര്ന്ന് വിദ്യാര്ത്ഥികളുടെ വീട്ടുകാരുമായി സംസാരിച്ച് പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പടവം വാര്ത്തയും വരാതിരിക്കുന്നതിന് ഡീല് പറഞ്ഞ് ഉറപ്പിക്കും.പ്രതികള് പിടിയിലായത് അറിഞ്ഞ് മാധ്യമ പ്രവര്ത്തകര് എത്തുന്നതിന് മുമ്പ് പ്രതികളെ കോടതിയില് ഹാജരാക്കും. എന്നാല് പണം നല്കാന് തയ്യാറാകാത്ത പ്രതികളുടെ പടവും വാര്ത്തയും ഇവര് തന്നെ മാധ്യമ പ്രവര്ത്തകര് അടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയിസ് ബുക്കുകളിലും പ്രചരിപ്പിക്കുകയും ചെയ്യും.
കൂടാതെ പ്രസിദ്ധീകരണത്തിനെന്ന് തലക്കെട്ടു നല്കി എക്സെയിസിന്റ് സീല്പതിപ്പിച്ച വാര്ത്തകള് പത്രമോഫീസുകളിലേയ്ക്ക് നേരിട്ട് അയച്ച് നല്കുകയും ചെയ്യും. അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയ വാര്ത്തയടക്കം ഇവര് പടം സഹിതം പത്രം ഓഫീസുകളില് എത്തിച്ച് നല്കിയിട്ടുണ്ട്. എന്നാല് വമ്പന് കഞ്ചാവ് കേസ്സുകള് പലതും പ്രതികളുടെ പടവും വാര്ത്തകളും പുറത്ത് പോകാതെ ഇവരുടെ മുഖം രക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വന്തോതില് തമിഴ്നാട്ടില് നിന്നും കേരളത്തിലേയ്ക്ക് കഞ്ചാവ് അതിര്ത്തി കടന്ന് എത്തുമ്പോളും എക്സൈസ് പിടികൂടുന്നത് ഒരുകിലോയില് താഴെയുള്ള കേസുകളാണ്. പിടിയിലാകുന്ന പ്രതികളില് നിന്നും കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിന് പരിശ്രമിക്കാറുമില്ല.
