മലയാള സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ആലപ്പുഴ സ്വദേശിയും ഭാര്യയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം. രണ്ട് വര്‍ഷം മുമ്പ് സിനിമ പുറത്തിറങ്ങിയെങ്കിലും ലാഭ വിഹിതത്തില്‍ ഒരു രൂപ പോലും തിരിച്ച് തന്നില്ലെന്നാണ് പരാതിക്കാരുടെ ആരോപണം. എന്നാല്‍ പണം പലിശക്ക് വാങ്ങിയതാണെന്നും മുതലും പലിശയുമടക്കം എല്ലാം തിരിച്ച് കൊടുത്തെന്നും ആലപ്പുഴ സ്വദേശി ശ്രീകുമാര്‍ പറഞ്ഞു.

ഒന്നരവര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ സഹനിര്‍മ്മാതാക്കള്‍ ആക്കാം എന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി ശ്രീകുമാറും ഭാര്യ താരയും ചേര്‍ന്ന് ആലപ്പുഴ സ്വദേശികളായ എട്ടുപേരില്‍ നിന്ന് പതിനേഴരലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിക്കാരുടെ ആരോപണം. മൂന്ന് വര്‍ഷം മുമ്പാണ് പണം വാങ്ങിയത്. സിനിമ റീലീസ് ചെയ്ത് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തന്നെ പണം തിരിച്ചു തരാന്‍ കഴിയുമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നും ഇവര്‍ പറയുന്നു. പണം തിരിച്ച് ചോദിക്കുമ്പോള്‍ റിലീസ് ചെയ്ത പടത്തിന് വേണ്ടത്ര കളക്ഷന്‍ കിട്ടിയില്ലെന്നും അടുത്ത ചിത്രം നിര്‍മ്മിച്ച് പണം തരാമെന്ന് ശ്രീകുമാര്‍ പറയുന്നതായും പരാതിക്കാര്‍ ആരോപിക്കുന്നു.

ഒരു ലക്ഷം രൂപമുതല്‍ 8 ലക്ഷം രൂപ വരെയാണ് ഓരോരുത്തരില്‍ നിന്നും വാങ്ങിയത്. കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് നേരത്തെ ആലപ്പുഴ എസ്‌പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ലെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ അതേ സമയം സിനിമ നിര്‍മ്മിക്കാനായി ഇവരില്‍ നിന്നും പണം വാങ്ങിയില്ലെന്നാണ് ശ്രീകുമാറും ഭാര്യയും പറയുന്നത്. പണം വാങ്ങിയിരുന്നു. അത് പലിശയ്‌ക്ക് വാങ്ങിയതാണ്. മുതലും പലിശയും ഉള്‍പ്പെടെ മുഴുവന്‍ പണവും കൊടുത്ത് തീര്‍ത്തതാണെന്നും ഇവര്‍ പറഞ്ഞു.