വന്‍തുക തിരിമറി നടത്തിയ ശേഷം, പൈലറ്റ് ആവാനുള്ള പരിശീലനത്തിനിടെയാണ് തട്ടിപ്പുകാരായ പിതാവും മകനും രാജ്യം വിട്ടത്. 

ലണ്ടന്‍: വന്‍തുക തട്ടിച്ച കേസില്‍ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച പിതാവും മകനും അതിസാഹസികമായി രാജ്യം വിട്ടു. പത്തുകോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ പ്രതിയായ പിതാവും മകനുമാണ് പൈലറ്റ് ആവാനുള്ള ക്ലാസുകള്‍ക്ക് ജോയിന്‍ ചെയ്ത ശേഷം, ക്ലാസ് നടക്കുന്നതിനിടെ ലണ്ടനില്‍ നിന്ന് ഫ്രാന്‍സിലേക്ക് പറന്നു മുങ്ങിയത്. തട്ടിപ്പ് കേസില്‍ ആറുമാസം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമ്പത്തൊന്നുകാരന്‍ ജെയ്മി കോള്‍വെല്ലും പിതാവ് ബ്രയാന്‍ കോള്‍വെല്ലുമാണ് പരിശീലനത്തിനിടെ മുങ്ങിയത്. 

പത്തുലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ശിക്ഷ വിധിച്ച ഇവര്‍ പരോളില്‍ ഇറങ്ങി രാജ്യം വിടുകയായിരുന്നു. പിതാവിനെ ഫ്രാന്‍സിലെത്തിക്കാന്‍ ഒരു ഡ്രൈവറെ ഏര്‍പ്പാടാക്കിയ ശേഷമായിരുന്നു മകന്‍ പൈലറ്റ് ആവാനുള്ള ക്ലാസിന് ചേര്‍ന്ന് ക്ലാസിനിടെ മുങ്ങിയത്. ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പരോളില്‍ ഇറങ്ങിയ രണ്ടുപേരും ജാമ്യകാലാവധി കഴിഞ്ഞ് മടങ്ങിയെത്താതിരുന്നതോടെയാണ് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. 

ഈ അന്വേഷണത്തിലാണ് അതിസാഹസികമായ രക്ഷപെടലിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. പരിശീലനത്തിനിടെ ഫ്രാന്‍സിന്റെ വ്യോമാതിര്‍ത്തിയില്‍ കയറിയ വിമാനം ഒരു പാടത്ത് ഇറക്കാന്‍ ജെയ്മി പരിശീലകനെ നിര്‍ബന്ധിക്കുകയായിരുന്നു. അഞ്ച് വര്‍ഷവും മൂന്നുമാസവുമായിരുന്നു ജെയ്മിക്ക് ലഭിച്ച ശിക്ഷാ കാലയവധി. അതേസമയം പിതാവിന് രണ്ടുവര്‍ഷവും എട്ടുമാസവുമായിരുന്നു ശിക്ഷാ കാലയളവ്.