ദുബായ്ക്ക് പിന്നാലെ ഷാര്‍ജയിലും ഉച്ചസമയത്തുള്ള സൗജന്യ വാഹന പാര്‍ക്കിംഗ് നിര്‍ത്തലാക്കി. ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് അഞ്ച് വരെ ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിരുന്നു. ഇത് ഇനി മുതല്‍ ഉണ്ടാവില്ല. ഈ സമയത്തും പാര്ക്കിംഗ് ഫീസ് അടക്കേണ്ടി വരും.
ഷാര്‍ജ മുനിസിപ്പല്‍ കൗണ്‍സിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിലവില്‍ രാവിലെ പത്ത് മുതലാണ് ഷാര്‍ജയില്‍ പെയ്ഡ് പാര്‍ക്കിംഗ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് അഞ്ച് വരെ ഇളവനുവദിച്ച് അതിന് ശേഷം രാത്രി പത്ത് വരെ പെയ്ഡ് പാര്‍ക്കിംഗ് എന്നതായിരുന്നു രീതി.
ഇനി മുതല്‍ രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെ ഷാര്‍ജയില്‍ പെയ്ഡ് പാര്‍ക്കിംഗ് ആയിരിക്കും. ഉച്ചയ്ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുന്നത് ധാരാളം പേര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഷോപ്പിംഗിനും മറ്റും എത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇത് ഒഴിവാക്കാനാണ് ഉച്ച സമയത്തും പാര്ക്കിംഗ് ഫീസ് നടപ്പിലാക്കാന്‍ തീരുമാനിച്ചതത്രെ.
ദുബായില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയുള്ള സൗജന്യ പാര്‍ക്കിംഗ് നേരത്തെ നിര്‍ത്തലാക്കിയിരുന്നു. രാത്രി ഒമ്പതിന് ശേഷം സൗജന്യ പാര്‍ക്കിംഗ് ആയിരുന്നതും, ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ച് രാത്രി പത്തിന് ശേഷം മാത്രമാണ് ഇപ്പോള്‍ ദുബായില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്.
