ദില്ലി:സംസ്ഥാനത്ത് ഉണ്ടായ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. വര്‍ഷങ്ങളായി സ്വരുക്കൂട്ടി വച്ച സമ്പാദ്യവും വീടും തകര്‍ന്നവര്‍ ഇനി എന്തുചെയ്യണം എന്ന ആശങ്കയിലാണ്. സമ്പാദ്യത്തോടൊപ്പം എല്ലാ രേഖകളും നഷ്ടപ്പെട്ടവരാണ് അധികവും. എന്നാല്‍ ദുരിതബാധിതര്‍ക്ക് ചെറിയ ആശ്വാസ വാര്‍ത്തയുണ്ട്. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യ സേവനം നല്‍കാനൊരുങ്ങുകയാണ് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി.

 ആധാറിനായി എത്തുന്നവരില്‍ നിന്നും പണം ഈടാക്കില്ല. ഇതുസംബന്ധിച്ച് എന്‍റോള്‍മെന്‍റ് കേന്ദ്രങ്ങള്‍ക്ക് യുഐഡിഎഐ നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബര്‍ 30 വരെയായിരിക്കും സൗജന്യ സേവനം ലഭ്യമായിരിക്കുക. പുതിയ കാര്‍ഡ് ലഭിക്കുന്നതിനായി പേരും ബയോമെട്രിക് വിവരങ്ങളും നല്‍കണം. ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്‍റോള്‍മെന്‍റ് നടത്താന്‍ സാധിക്കും.