പാരിസ്: ഫ്രഞ്ച് രാഷ്ട്രീയതത്തില്‍ തിളങ്ങുന്ന മുഖമാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാര്‍ക്കോണിന്റേത്. രാഷ്ട്രീയ തിളക്കം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റ് മുന്‍പന്തിയില്‍ തന്നെയുണ്ട്.
കഴിഞ്ഞ ദിവസം ഒരു ഫ്രഞ്ച് മാഗസിന്‍ പുറത്തുവിട്ട ചില കണക്കുകള്‍ ഏറെ രസകരമാണ്. തിളങ്ങുന്ന മുഖമുള്ള പുതിയ പ്രസിഡന്റ് മേക്കപ്പിന് മാത്രമായി മൂന്ന് മാസത്തിനിടെ ചെലവഴിച്ചത് 30000 യു.എസ്. ഡോളറാണെന്ന് ലി പോയിന്റ് മാഗസിന്‍ പറയുന്നു. അതായത് രണ്ട് കോടിയോളം രൂപ.
ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ഒരു ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാര്‍ക്കോണ്‍ മേക്കപ്പിനായി ഉപയോഗിച്ചത് 330 ഡോളര്‍. മേക്കപ്പ് മാന്റെ പ്രതിഫലവും ഇതില്‍ പെടും. വാര്‍ത്താസമ്മേളനങ്ങള്‍, കോണ്‍ഫറന്‍സ്, പൊതുസമ്മേളനങ്ങള്‍ യാത്രകള്‍ തുടങ്ങിയവയ്‌ക്കെല്ലാമാണ് പ്രസിഡന്റ് മേക്കപ്പണിഞ്ഞത്.
ലി പോയിന്റ് മാഗസിന്‍ പുറത്തുവിട്ട വാര്‍ത്ത വലിയ ചര്‍്ച്ചകള്‍ക്കാണ് ഫ്രാന്‍സില്‍ തുടക്കമിട്ടിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളന്‍ഡെയുടെ മേക്കപ്പ് ചെലവുകളുമായും മറ്റു ചെലവുകളുമായുമുള്ള താരതമ്യമടക്കം പ്രാദേശിക മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തിരിക്കുകയാണ്.
