ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും വിദേശികൾക്കുനേരെ അതിക്രമം. ഫ്രാൻസിൽനിന്നും ഉത്തർപ്രദേശിലെ മിർസാപൂരിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മിർസാപൂരിലെ പ്രദേശവാസികളായ ഒരു കൂട്ടം ചെറുപ്പക്കാർ വിനോദസഞ്ചാരികൾക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.
ഇതേതുടർന്നു തിരിച്ചു പോയ ചെറുപ്പക്കാർ പത്ത് പേരടങ്ങുന്ന സംഘത്തെ കൂട്ടിവന്ന് വിദേശികളെ വീണ്ടും മർദ്ദിക്കുകയായിരുന്നു. വിദേശികൾക്കും അവരുടെ ഇന്ത്യൻ സുഹൃത്തുകൾക്കുമാണ് മിർസാപൂരിൽ ദുരനുഭവം നേരിടേണ്ടിവന്നത്.
സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒക്ടോബറിലും യുപിയിൽ വിദേശികൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
