കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രം അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം നേരിടുന്ന കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രം അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. 500 കോടി രൂപയാണ് ഇടക്കാല ആശ്വാസമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 

Scroll to load tweet…

വിദേശയാത്രകള്‍ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4200 കോടി, എന്നാല്‍ കേരളത്തിന് വെറും 320 കോടി മാത്രമാണ് നല്‍കിയത് എന്ന് വ്യക്തമാക്കുന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. 

ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയത്തെ നേരിടുന്ന കേരളത്തിന് 100 കോടി മാത്രം ധനസഹായം പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍ നേരത്തേ രംഗത്തെത്തിയിരുന്നു‍. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടും ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേരളത്തില്‍ മരിച്ചത് 400 ഓളം പേരാണ്. ലക്ഷക്കണക്കിന് പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. പതിനായിരക്കണക്കിന് ആളുകള്‍ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പലയിടങ്ങളിലും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.