ഇടുക്കി: ഇടുക്കിയിലെ ആനവിലാസത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നട്ടു വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ഇയാളുടെ പക്കൽ നിന്നും നാടൻ തോക്കിൽ നിറക്കുന്ന തിരകളും മാൻകൊമ്പും പിടിച്ചെടുത്തു.

ആനവിലാസം പുളിക്കപ്പറന്പിൽ മുരളിയാണ് പുരയിടത്തിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയത്. വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആനവിലാസത്തിനു സമീപം നെടുംതൊട്ടിയിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. അഞ്ചരയടിയോളം ഉയരമുള്ള കഞ്ചാവു ചെടിയാണ് കണ്ടെത്തിയത്. വീടിനു സമീപത്താണിത് നട്ടിരുന്നത്. ഇയാളുടെ പക്കൽ ലൈസൻസില്ലാത്ത നാടൻ തോക്കുണ്ടെന്നും മൃഗവേട്ടക്കു പോകാറുണ്ടെന്നും വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ വീട്ടിനുള്ളിലും സംഘം പരിശോധന നടത്തി. അലമാരക്കുള്ളിൽ നിന്നുമാണ് നാടൻ തോക്കിലുപയോഗിക്കുന്ന തിരകൾ കണ്ടെത്തിയത്. പല വലുപ്പത്തിലുള്ള 140 പെല്ലറ്റുകളും 25 ഗ്രാം വെടിമരുന്നും ഇവിടെ നിന്നും ലഭിച്ചു. തോക്കിൽ വെടിമരുന്ന് നിറക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന കന്പികളും പരിശോധനയിൽ കണ്ടെത്തി. കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന മാൻകൊന്പും കസ്റ്റഡിയിലെടുത്തു. വീടും പരിസരവും മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും നാടൻ തോക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

 പിടിയിലായ മുരളിയെ കോടതിയിൽ ഹാജരാക്കി. പെല്ലറ്റുകളും വെടിമരുന്നു കുമളി പൊലീസിനും മാൻ കൊന്പ് വനം വകുപ്പിനും കൈമാറി. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻറെയും വനംവകുപ്പിൻറെയും തീരുമാനം.