ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഒമ്പത് വര്‍ഷം മുമ്പ് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്കുനേരെ തുടരെ ആസിഡാക്രമണം. നാലാം തവണയാണ് 35കാരിയായ യുവതി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ മുറിയില്‍നിന്ന് പുറത്തിറങ്ങവെയാണ് യുവതിക്കുനേരെ വീണ്ടും ആസിഡ് ആക്രമണം ഉണ്ടായത്. രാത്രി എട്ടുമണിക്കും ഒമ്പതുമണിക്കും ഇടയിലായിരുന്നു സംഭവം. പൊലീസ് സംരക്ഷണം ഉണ്ടായിരുന്ന ഹോസ്റ്റലില്‍വെച്ചാണ് സംഭവം. ആസിഡ് ആക്രണത്തിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ നടത്തുന്ന സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു യുവതി. ആസിഡാക്രമണത്തില്‍ യുവതിയുടെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ട്രെയിനില്‍ സഞ്ചരിക്കവെ, രണ്ടുപേര്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചിരുന്നു. സ്വദേശമായ റായ്ബറേലിയില്‍നിന്ന് ലക്നൗവിലേക്ക് വരെയായിരുന്നു ഈ സംഭവം. പിന്നീട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുവതിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും നഷ്‌ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. 2008ല്‍ സ്വന്തം നാട്ടില്‍വെച്ച് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. ഈ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണ ഇപ്പോഴും നടന്നുവരികയാണ്. അതിനുശേഷം 2011ലാണ് യുവതി ആദ്യമായി ആസിഡാക്രമണത്തിന് ഇരയാകുന്നത്. 2013ല്‍ യുവതിക്കുനേരെ വീണ്ടും ആസിഡാക്രമണം ഉണ്ടായി. കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ അറിവോടെയാണ് തുടരെ ആസിഡാക്രമണം ഉണ്ടാകുന്നതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും ആരോപണം.