തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന മൂന്ന് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഞ്ചാവുമായെത്തിയ കുമാറെന്നയാളെ നെടുമങ്ങാടിനുസമീപം വെച്ച് പോലീസ് അറസ്റ്റു ചെയ്തു.വലിയവിള മുന്നൂര്‍കോണത്തുവെച്ച് അമിതവേഗത്തില്‍ വരികയായിരുന്ന വാഹനം പോലീസിനെ കണ്ട് നിര്‍ത്താതെ പോയി. 

പോലീസ് വാഹനത്തെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും കുമാറിനെ അറസ്റ്റുചെയ്യുകയുമായിരുന്നു. ചാക്കിനുള്ളില്‍ രണ്ട് കവറുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

നെടുമങ്ങാട്, പാലോട് മേഖലകളില്‍ വില്പന നടത്താനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന്, കുമാര്‍ പോലീസിന് മൊഴി നല്‍കി.
ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് നെടുമങ്ങാട്‌നിന്നും പോലീസ് കഞ്ചാവ് വേട്ട നടത്തുന്നത്.