ഇടുക്കി ബൈസണ്‍വാലിയില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മുന്നൂറ് ഗ്രാം കഞ്ചാവും,പതിമൂന്ന് ലിറ്റര്‍ വിദേശ വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍. ഹൈറേഞ്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവെത്തിച്ച് നല്‍കിവരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. രാജാക്കാട് എസ് ഐയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
ഹൈറേഞ്ചിന്റെ ഉള്‍ഗ്രാമ പ്രദേശമായ ബൈസണ്‍വാലി പഞ്ചായത്തില്‍ വന്‍തോതില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാജാക്കാട് എസ് ഐ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍സ്‌ക്വാഡ് ബൈസണ്‍വാലി അമ്പലക്കവല സ്വദേശി പത്മരാജനെയും ഇയാളുടെ കടയില്‍ ജോലിനോക്കിവരുന്ന പാലക്കാട് സ്വദേശി ഡാര്‍വിനെയും നിരീക്ഷിച്ച് വരികയായിരുന്നു. അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ എത്തിയ്ക്കുന്ന കഞ്ചാവ് ഹൈറേഞ്ചിലെ വിവിധ സ്‌കൂളുകളിലേയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇവരാണ് എത്തിച്ച് നല്‍കുന്നതെന്ന വിവരം ലഭിച്ചു. കൂടാതെ വിദേശ മദ്യം സൂക്ഷിച്ച് വന്‍തുകയ്ക്ക് വില്‍പന നടത്തുന്നതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും മദ്യവും പിടികൂടിയത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ഏലത്തോട്ടത്തിലാണ് മദ്യം ഒളിപ്പിച്ചിരുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് പത്മരാജന്റെ വാഹനത്തില്‍ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നത് സഹായിയായ ഡാര്‍വിനാണ്. മദ്യവില്‍പനക്കെതിരെ നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നെങ്കിലും പത്മരാജന്റെ ഭീഷണിയെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
