പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഈ മാസം പതിനെട്ടാം തിയതിയാണ്
ലാഹോര്‍: പൊതു തിരഞ്ഞെടുപ്പില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍റെ പ്രധാനമന്ത്രി പദത്തില്‍ ചുവടുറപ്പിക്കുകയാണ്. ഈ മാസം പതിനെട്ടാം തിയതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ് ഇമ്രാന്‍. രാജ്യത്തിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ച നായകന്‍ കളിക്കളത്തോട് വിരമിച്ച ശേഷം പാക്കിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് പരമോന്നത സ്ഥാനത്തെത്തുന്നത്.
സത്യപ്രതിജ്ഞ ചടങ്ങ് ലളിതമായി നടത്താന്‍ തീരുമാനിച്ച ഇമ്രാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഭരണരംഗത്തുള്ളവരെയൊന്നും ക്ഷണിച്ചിട്ടില്ല. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ഇന്ത്യയില്‍ നിന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സുനില്‍ഗവാസ്കര്‍ക്ക് ക്ഷണമുണ്ട്. ഒരേ കാലഘട്ടത്തില്‍ കായികലോകത്തെ മഹാരഥന്‍മാരായിരുന്നു ഗവാസ്കറും ഇമ്രാനും. ഇരുവരും തമ്മില്‍ മികച്ച സൗഹൃദവും പുലര്‍ത്തുന്നുണ്ട്.
അതുകൊണ്ടുതന്നെയാണ് ഗവാസ്കറിനെ ഇമ്രാന്‍ ക്ഷണിച്ചതും. എന്നാല്‍ ഇമ്രാന്‍റെ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചിരിക്കുകയാണ് ഗവാസ്കര്‍. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടില്‍ നടക്കുന്നതിനാലാണ് പങ്കെടുക്കാനാകാത്തതെന്ന് അദ്ദേഹം അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇമ്രാന്‍റെ ക്ഷണത്തിന് ഗവാസ്കര്‍ നന്ദിപറഞ്ഞതായും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി അറിയിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കായിക താരം എന്ന നിലയില്‍ ഇന്ത്യയില്‍ ഒട്ടേറെത്തവണ വന്നിട്ടുള്ള ഇമ്രാന്‍ പ്രധാനമന്ത്രിയാകുന്നത് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായും ഗവാസ്കര്‍ പറഞ്ഞു.
