തിരുവനന്തപുരം: എഡിജിപിയുട മകള്‍ക്കെതിരായ കേസിൽ ഒരു ഒത്തു തീർപ്പിനും തയ്യാറല്ലെന്ന് ഡ്രൈവ‍ർ ഗവാസ്ക്കർ ഏഷ്യാനെറ്റ് ന്യൂസിനോട്. കേസ് ഒത്തു തീ‍ർക്കാൻ ആരും സമീപിച്ചിട്ടില്ലെന്നും ഗവാസ്‍ക്കർ പറഞ്ഞു.  കേസ് ഒത്തു തീർക്കാൻ ശ്രമം നടക്കുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടിയാണ് അത്തരം അഭ്യൂഹങ്ങൾ തള്ളി ഗവാസ്ക്കറിൻറെ പ്രതികരണം. എഡിജിപിയുടെ മകള്‍ മാപ്പു പറയാമെന്ന വാഗ്ദാനവുമായി അവരുടെ അഭിഭാഷകൻ ഗവാസ്ക്കറെ സമീപിച്ചുവെന്നായിരുന്നു റിപ്പോർട്ടുകള്‍. 

ഒത്തുതീ‍പ്പ് ഫോർമുകളില്ലെന്ന് ഗവാസ്ക്കറുടെ അഭിഭാഷകന്‍റെ ഓഫീസും പറഞ്ഞു. കേസിന്‍റെ തുടക്കത്തിൽ ഉന്നത ഉദ്യോഗസ്ഥരും ചില അസോസിയേഷൻ നേതാക്കളും പിൻമാറാൻ ഗവാസ്ക്കറെ പ്രേരിപ്പിച്ചിരുന്നു.   ഗവാസ്ക്കർ ഹൈക്കോടതിയിൽ പോയതോടെയാണ് ഒത്തുതീർപ്പുകാർ പിൻമാറിയത്.  ഗവാസ്ക്കറുടെ പരാതിയിലും എഡിജിപിയുട മകളുടെ പരാതിയിലും   ഇപ്പോൾ കാര്യമായ പുരോഗതിയില്ല.  

ഈ മാസം 19ന് ഹൈക്കോടതി വീണ്ടും കേസ് പരിഗണിച്ച ശേഷം നടപടി ആലോചിക്കാമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. എഡിജിപിയുടെ മകളുടെയും, കായിക പരീശീലകയായ വനിത പൊലീസുകാരിയുടേയും രഹസ്യമൊഴി അടുത്തയാഴ്ച രേഖപ്പെടുത്തും. വനിതാ പൊലീസുകാരിയെക്കൊണ്ട് ഗവാസ്ക്കർക്കെതിരെ മൊഴി കൊടുപ്പിക്കാൻ നേരത്തെ നടത്തിയ ശ്രമം പാളിയിരുന്നു. അവരുടെ രഹസ്യ മൊഴി എടുക്കാനുള്ള ഇപ്പോഴത്തെ നീക്കം  അതുകൊണ്ട് തന്നെ നിർണായകമാണ്.