ഝാർഖണ്ഡിൽ നിന്നുള്ള സിആർപിഎഫ് ജവാൻ വിജയ് സോരം​ഗാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും നല്‍കുമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ശ്രീന​ഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാം​ഗങ്ങളിലൊരാൾക്ക് ജോലിയും നൽകുമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് പ്രഖ്യാപിച്ചു. ഝാർഖണ്ഡിൽ നിന്നുള്ള സിആർപിഎഫ് ജവാൻ വിജയ് സോരം​ഗാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. രക്തസാക്ഷികൾ ഒരിക്കലും മരിക്കുന്നില്ല. സ്വർ​ഗത്തിലും അവർ വീരസ്വർ​ഗം പ്രാപിക്കുന്നു എന്നായിരുന്നു അനുശോചനം അർപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ.

വ്യാഴാഴ്ചയാണ് സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേർക്ക് ഭീകരർ ആക്രമണം നടത്തിയത്. 40 സൈനികരാണ് അക്രമണത്തിൽ കൊല്ലപ്പെട്ടത്. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. 78 വാഹനങ്ങളിലായി 2500 സൈനികർ ജമ്മുവിൽ നിന്ന് ശ്രീന​ഗറിലേക്ക് പരിശീലനം കഴിഞ്ഞ് മടങ്ങിപ്പോയിക്കൊണ്ടിരിക്കവേ ആയിരുന്നു ഭീകരാക്രമണം. 2016 സെപ്റ്റംബറിൽ ഉറിയിൽ നടന്ന ഭീകരാക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടിരുന്നു.