കഴിഞ്ഞ വര്‍ഷം ബിഡിഎസ് പ്രവേശനത്തിന് അര്‍ഹത നേടിയ പെണ്‍കുട്ടിയുടെ സ്വപ്നം എംബിബിഎസായിരുന്നു

പാറ്റ്ന: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ പരീക്ഷയില്‍ യോഗ്യത നേടാനാകാത്തതിനാല്‍ നാടുവിട്ട പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷയില്‍ ബിഡിഎസ് പ്രവേശനത്തിന് അര്‍ഹത നേടിയ തമിഴ്നാട് സ്വദേശിനിയാണ് ഇക്കുറി എംബിബിഎസ് യോഗ്യതയ്ക്കായി ശ്രമിച്ചത്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ മികവ് പോലും ഇക്കുറി ഉണ്ടായില്ല. എംബിബിഎസ് സ്വപ്നം ഉപേക്ഷിക്കേണ്ടിവരുമെന്ന ചിന്ത അലട്ടിയതോടെയാണ് പെൺകുട്ടി നാടുവിട്ടത്.

തിങ്കളാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. എന്നാല്‍ പെണ്‍കുട്ടി എവിടയാണെന്നതിനെക്കുറിച്ച് പൊലീസിന് സൂചനകളൊന്നും ലഭിച്ചില്ല. അന്വഷണം പോലും വഴിമുട്ടി നില്‍ക്കവെയാണ് അപ്രതീക്ഷിതമായ ട്വിസ്റ്റുണ്ടായത്. നാടുവിട്ട പെണ്‍കുട്ടി ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാനായി മൊബൈല്‍ ഓണ്‍ ആക്കി. മൊബൈല്‍ ടവര്‍ സ്ഥിരമായി പരിശോധിച്ചുവന്ന പൊലീസിന് ഇത് തുണയായി.

ബിഹാറിലാണ് മൊബൈല്‍ നമ്പര്‍ ഓണാക്കിയതെന്ന് വ്യക്തമായതോടെ പൊലീസ് അവിടേക്ക് തിരിച്ചു. ഒടുവില്‍ സ്ഥലം തിരിച്ചറിഞ്ഞ തമിഴ്നാട് പൊലീസ് ബീഹാർ പൊലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ കണ്ടെത്തി നാട്ടിലെത്തിച്ചു.