ദില്ലി: രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ റെജിസ്റ്റര്‍ ചെയ്യാന്‍ മാത്രമുള്ള അധികാരമാണ് കമ്മീഷനുള്ളത്. 1951 ല്‍ നിലവില്‍ വന്ന് ജനപ്രാതിനിധ്യ നിയമപ്രകാരം നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദ് ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ല. അതിനാല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തണമെന്നും കമ്മീഷന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 20 വര്‍ഷമായി ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് തങ്ങള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടുകയാണ്. എന്നാല്‍ ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങളില്‍ പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയെ പിന്തുണച്ചാണ് കമ്മീഷന്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെട്ടത്.
അഭിഭാഷകരായ അമിത് ശര്‍മ്മ, അശ്വിനി ഉപാധ്യായ എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കുറ്റവാളികളെന്ന് കണ്ടെത്തിയവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നതിനെതിരെയാണ് അമിത് ശര്‍മ്മ കോടതിയെ സമീപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കണമെന്നതാണ് അശ്വിനി ഉപാധ്യായ തന്‍റെ ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്.
