മൂന്നാര്‍: കോഴിയിറച്ചിയ്ക്ക് ഇപ്പോള്‍ പൊന്നും വിലയാണെന്നത് ശരിതന്നെ. എന്നാല്‍ കോഴിയിറച്ചിയ്‌ക്കൊപ്പം പൊന്നുകിട്ടുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. പക്ഷേ ഇത് സത്യമാണ്. കോഴിയിറച്ചി വാങ്ങുന്നവര്‍ക്ക് കൂപ്പണ്‍ നല്‍കി നറുക്കെടുപ്പിലൂടെ സ്വര്‍ണം നല്‍കുന്നത് ഇടുക്കി മൂന്നാറിലെ മൂന്നാര്‍ ബെസ്റ്റ് ചിക്കന്‍ സെന്ററിലാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം നല്ലതണ്ണി സ്വദേശി ആരോഗ്യദാസിന് ഒരുഗ്രാമിന്റെ സ്വര്‍ണ്ണനാണയം ലഭിക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശികള്‍ രണ്ട് മാസം മുമ്പ് ആരംഭിച്ചതാണ് ഈ കോഴിക്കട. 

ടൗണിലെ കച്ചവടക്കാര്‍ 200 മുതല്‍ 300 വരെ വില നിശ്ചയിച്ച് കോഴിയിറച്ചിക്ക് ഈടാക്കിയപ്പോള്‍ ഒരുകിലോ ഇറച്ചി 100 രൂപയ്ക്ക് നല്‍കുകയായിരുന്നു ഇവര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് മൂന്നാറിലെ അഞ്ചോളം വരുന്ന കച്ചവടക്കാര്‍ രംഗത്തെത്തിയെങ്കിലും വില കൂട്ടിനല്‍കാന്‍ തയ്യറായില്ല. തുടര്‍ന്ന് കച്ചവടം കുറയാതിരിക്കാന്‍ മറ്റ് കച്ചവടക്കാരും വില കുറച്ചു.

എന്നാല്‍ കോഴികച്ചടം ലാഭകരമാക്കുവാന്‍ മറ്റൊരു പദ്ധതിയുമായി തമിഴ്നാട്ടുകാര്‍ വീണ്ടും രംഗത്തെത്തുകയായിരുന്നു. അങ്ങനെയാണ് ഒരു കിലോ കോഴിയിറച്ചി വാങ്ങുന്നവര്‍ക്ക് കൂപ്പണുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ആഴ്ചയിലൊരിക്കല്‍ നറുക്കെടുപ്പിലൂടെ ഓരാള്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വിതരം ചെയ്യുകയായിരുന്നു പദ്ധതി. കോഴിയിറച്ചിയുടെ പേരില്‍ തീവെട്ടിക്കൊള്ള നടത്തിക്കൊണ്ടിരുന്ന സമയത്ത് വ്യാപാരികള്‍ക്കിടയില്‍ മത്സരം ആരംഭിച്ചത് ജനങ്ങള്‍ക്ക് താല്കാലിക ആശ്വാസമായിട്ടുണ്ട്.