കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിലായി. രണ്ട് ദിവസം മുന്‍പ് അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കണ്ണൂര്‍ സ്വദേശി നവാസ് സ്വര്‍ണ്ണം വിഴുങ്ങിയതായി എയര്‍ കസ്റ്റംസിന് രഹസ്യ വിവരം കിട്ടിയിരുന്നു. 

ഇതേ തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ഉദരത്തില്‍ ഗുളിക രൂപത്തില്‍ സ്വര്‍ണ്ണം കണ്ടെത്തി. തുടര്‍ന്ന് ഇന്ന് രാവിലെ വയറിളക്കിയാണ് സ്വര്‍ണ്ണം പുറത്തെടുത്തത്. ഗുളിക രൂപത്തിലുള്ള എഴ് സ്വർണ്ണമാണ് കണ്ടെടുത്തത് .പതിനഞ്ച് ലക്ഷം രൂപ വില വരും. എയര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് റഫീഖിന് കിട്ടിയ രഹസ്യ വിവരത്തിലാണ് പ്രതി നവാസ് പിടിയിലായത്