ആലപ്പുഴ: പരമ്പരാഗത സ്വര്‍ണ്ണപണിക്കാര്‍ കുലത്തൊഴില്‍ ഉപേക്ഷിച്ച് മറ്റ് തൊഴില്‍ മേഖലകളിലേയ്ക്ക് ചേക്കേറുന്നു. യന്ത്രവല്‍ക്കരണത്തിന്റെ അതിപ്രസരം മൂലം പ്രഗത്ഭരായ പരമ്പരാഗത സ്വര്‍ണ്ണപണിക്കാര്‍ക്ക് പോലും തൊഴില്‍ നഷ്ടുകയാണ്. ജൂവലറികള്‍ തമ്മിലുള്ള മത്സരം കനത്തപ്പോള്‍ പണിക്കൂലി ഇളവുകള്‍ പോലുള്ള വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചതാണ് പരമ്പരാഗത സ്വര്‍ണ്ണപ്പണിക്കാര്‍ക്ക് തിരിച്ചടിയായത്.

കേരളത്തിലെ ജൂവലറികളിലേയ്ക്ക് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ നിന്നും തുച്ഛമായ ചെലവില്‍ വന്‍തോതില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എത്തയതോടെയാണ് സ്വര്‍ണ്ണപ്പണിക്കാരുടെ ഡിമാന്റ് കുറഞ്ഞത്. കൂടാതെ അന്യസംസ്ഥാനക്കാര്‍ സ്വര്‍ണ്ണനിര്‍മാണ ശാലകളില്‍ പിടിമുറിക്കിയതും പരമ്പരാഗത തൊഴിലാളികളെ ബാധിച്ചു. ഇതിനാല്‍ പാരമ്പരാഗത സ്വര്‍ണ്ണ പണിക്കാരുടെ മക്കളും ഈ രംഗത്തേയ്ക്ക് വരാന്‍ വിമുഖത കാണിക്കുകയാണ്. മറ്റ് ജോലികളേക്കാള്‍ ഏറെ ശ്രദ്ധയും ക്ഷമയും ആവശ്യമുള്ള സ്വര്‍ണ്ണപ്പണിയില്‍ ഇടിവ് സംഭവിച്ചതോടെ ഈ വിഭാഗത്തിലെ യുവതലമുറ മറ്റ് രംഗങ്ങളിലേയ്ക്ക് പൊയ്ക്കഴിഞ്ഞു. 

കേരളത്തിലെ വിശ്വകര്‍മ്മ ജാതിവിഭാഗത്തില്‍പ്പെട്ട പൊന്നാശ്ശാരി അഥവ തട്ടാന്‍ ഉപജാതിക്കാരാണ് പരമ്പരാഗത സ്വര്‍ണ്ണപ്പണിക്കാര്‍. പിന്നീട് മറ്റ് ജാതി മതത്തില്‍പ്പെട്ടവരും ഈ ജോലി ചെയ്ത് തുടങ്ങി. ഇന്ത്യയില്‍ തമിഴ്‌നാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിക്കുന്നത് കേരളമാണ്. എന്നാല്‍ യന്ത്രങ്ങളുടെ കടന്നുകയറ്റംമൂലം ഇവിടുത്തെ സ്വര്‍ണ്ണപണിക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. മാസ് പ്രൊഡക്ഷന്‍ നടക്കണമെങ്കില്‍ മെഷീന്‍ തന്നെ വേണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു ഡിസൈനില്‍ ഉള്ള നൂറിലധികം ആഭരണങ്ങളാണ് മിഷീനില്‍ നിന്ന് ഒരേസമയം ലഭ്യമാകുന്നത്. 

എന്നാല്‍ മെഷീന്‍ നിര്‍മിതമായ ആഭരണങ്ങള്‍ക്ക് ഭംഗി കുറവാണെന്ന് പുതുതലമുറയും അഭിപ്രായപ്പെടുന്നു. മാത്രമല്ല സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ക്ക് ഫിനിഷിങ്ങ്, കളറിങ്ങ് എന്നിവ ചെയ്യാന്‍ സ്വര്‍ണ്ണപണിക്കാരന്റെ കൈവിരലുകള്‍ തന്നെ ആവശ്യമാണ്. പരമ്പരാഗത ആഭരണങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞതും ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമായി. ഇപ്പോഴും പ്രചാരമുള്ള പരമ്പരാഗത ആഭരണങ്ങളായ പാലയ്ക്കമാല, കാശിമാല, മുല്ലമൊട്ടുമാല, പൂത്താലി, നാഗഫണത്താലി, ഇളക്കത്താലി എന്നിവയ്ക്ക് യഥാര്‍ത്ഥ തനിമ പകരാന്‍ മെഷനീകള്‍ക്ക് ആകുന്നില്ലെന്ന് ജൂവലറി ഉടമകള്‍ പറയുന്നു. സ്വര്‍ണ്ണാഭരണ രംഗത്തെ വികസിപ്പിക്കാന്‍ ജൂവലറി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിച്ച് വിവിധതരം ജൂവലറി കോഴ്‌സുകള്‍ ആരംഭിച്ചെങ്കിലും പരമ്പരാഗത സ്വര്‍ണ്ണപണിക്കാര്‍ക്ക് പ്രയോജനമൊന്നും ഉണ്ടാകുന്നില്ല. 

നാട്ടില്‍ സ്വര്‍ണ്ണപണി കുറഞ്ഞപ്പോള്‍ പലരും വിദേശത്തേയ്ക്ക് ജോലി തേടി പോയി. മറ്റുചിലര്‍ നാട്ടില്‍തന്നെ മറ്റുജോലികളും സ്വീകരിച്ചു. വിവിധ മതസ്ഥരായ ആളുകളുടെ പരമ്പരാഗത വിവാഹ ആഭരണങ്ങള്‍ ഓരോ സീസണുകളിലും നിര്‍മിച്ചിരുന്ന തങ്ങള്‍ക്ക് ഇപ്പോള്‍ മാസത്തില്‍ ഒരിക്കല്‍പോലും തൊഴില്‍ ലഭിക്കുന്നില്ലെന്ന് ആലപ്പുഴ ജില്ലയിലെ സ്വര്‍ണ്ണപ്പണിക്കാരനായ ചെല്ലപ്പനാചാരി പറയുന്നത്. കുട്ടികളുടെ കാതുകുത്തലും മൂക്കുകുത്തലും ബ്യൂട്ടിപാര്‍ലറുകളിലേയ്ക്കും ജൂവലറികളിലേയ്ക്കും വഴിമാറിയതോടെ നിത്യവൃത്തിക്ക് പോലും വകയില്ലാതെ സ്വര്‍ണ്ണപണിക്കാര്‍ ദുരിതത്തിലാണ്.