നാരദനെ ഗൂഗിളിനോട് താരതമ്യം ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി
ദില്ലി: നാരദനെ ഗൂഗിളിനോട് താരതമ്യം ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഇന്നത്തെ ഇന്‍റർനെറ്റ് സെർച്ച് എൻജിൻ പോലെ ലോകത്തെ കുറിച്ചുളള മുഴുവൻ വിവരങ്ങളും നാരദൻ എന്ന ജ്ഞാനിയുടെ കൈവശമുണ്ടായിരുന്നുവെന്നാണ് വിജയ് രൂപാണിയുടെ പരമാർശം. നാരദൻ വിവരശേഖരണം നടത്തി അത് മനുഷ്യരാശിക്ക് വേണ്ടി വിനിയോഗിക്കുകയാണ് ചെയ്തത്. ആർഎസ്എസ് സംഘടനയായ വിശ്വ സംവാദ് കേന്ദ്രം സംഘടിപ്പിച്ച ദേവർഷി നാരദ ജയന്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും അംബേദ്കറും ബ്രാഹ്മണരാണെന്ന ഗുജറാത്ത് സ്പീക്കറും ബിജെപി നേതാവുമായ രാജേന്ദ്ര ത്രിവേദിയുടെ പരാമര്‍ശവും വിവാദത്തിലാണ്. ശ്രീകൃഷ്ണൻ ഒ.ബി.സിയാണെന്നും ശ്രീരാമൻ ക്ഷത്രിയനാണെന്നും ത്രിവേദി പറഞ്ഞു. തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങൾ നടത്തുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിക്ക് വിളിപ്പിച്ചെന്ന റിപ്പോര്‍ട്ടിനിടെയാണ് ഗുജറാത്ത് സ്പീക്കറുടെ ഈ പരാമർശങ്ങൾ.
ഗുജറാത്തിലെ ഗാന്ധി നഗറിൽ ബ്രാഹ്മിണ്‍ ബിസിനസ് മഹാ സമ്മേളനത്തിലാണ് ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ വിവാദ പരാമര്‍ശം. ജ്ഞാനികൾ ബ്രാഹ്മണരാണെന്നും ജ്ഞാനിയായ നരേന്ദ്രമോദി ബ്രാഹ്മണനാണെന്നും ത്രിവേദി പറഞ്ഞു. അംബേദ്കറെന്ന പേര് ബ്രാഹണന്റേതാണ്. ബ്രാഹ്മണനായ അധ്യപകനാണ് ആ പേര് നൽകിയത്. ഗോപാലകരായ ഒ.ബി.സി സമുദായത്തിൽപ്പെട്ട ശ്രീകൃഷ്ണനെയും ക്ഷത്രിയ സമുദായത്തിൽപ്പെട്ട ശ്രീരാമനേയും ദൈവമാക്കിയത് ഋഷികളും മുനിമാരുമാണെന്നും ത്രിവേദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമര്‍ശം. അഞ്ച് രാഷ്ട്രപതിമാരേയും ഏഴ് പ്രധാനമന്ത്രിമാരേയും 50 വീതം മുഖ്യമന്ത്രിമാരേയും ഗവര്‍ണര്‍മാരേയും 27 ഭാരത രത്ന ജേതാക്കളേയും ഏഴ് നോബേൽ ജേതാക്കളേയും സമ്മാനിച്ചത് ബ്രാഹ്മണ സമുദായമാണെന്ന പരാമര്‍ശത്തോടെയാണ് രാജേന്ദ്ര ത്രിവേദി പ്രസംഗം തുടങ്ങിയത്.
വിവാദ പരാമര്‍ശങ്ങൾ നടത്തുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം തേടിയതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ച്ചത്തെ പരിപാടികൾക്കായി നാളെ രാത്രി ദില്ലിയിലെത്തുന്ന ബിപ്ലവ് കുമാര്‍ മോദിയേയും അമിത് ഷായേയും കണ്ടേക്കും. ഭരണ മികവുള്ളവരായതിനാലാണ് സിവിൽ എഞ്ചിനിയര്‍മാര്‍ സിവിൽ സര്‍വ്വീസിന് അപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് ബിപ്ലവ് കുമാറിന്റെ വിശദീകരണം. മെക്കാനിക്കൽ എഞ്ചിനിയര്‍മാര്‍ സിവിൽ സര്‍വ്വീസിന് അനുയോജ്യരല്ലെന്ന് പറഞ്ഞിട്ടില്ലെന്നും ബിപ്ലവ് കുമാര്‍ വ്യക്തമാക്കി. മഹാഭാരതകാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്നു പറഞ്ഞ ബിപ്ലവ് കുമാര്‍ ഡയാന ഹൈഡനെ അപമാനിക്കുന്ന പരാമർശവും നടത്തിയിരുന്നു. യുവാക്കളോട് സര്‍ക്കാര്‍ ജോലിയുടെ പിന്നാലെ പോകാതെ കറവ പശുവിനെ വളര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഒടുവിലായി ബിപ്ലവ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
