ബീജിങ്: ചൈനയില്‍ നടന്ന ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ഗോപി തോന്നക്കലിന് സ്വര്‍ണം. ഈനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ഗോപി. രണ്ട് മണിക്കൂര്‍ 15.48 സെക്കന്‍ഡിലാണ് ഗോപി സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്.
ഉസ്ബക്കിസ്ഥാന്റെ ആന്ദ്രേ പെട്രോവ് വെള്ളിയും മംഗോളിയയുടെ ബ്യാംബലേവ് വെങ്കലവും നേടി. വയനാട് സുല്‍ത്താന്‍ ബത്തേരി തോന്നക്കല്‍ വീട്ടില്‍ ബാബു-തങ്കം ദമ്പതികളുടെ മകനാണ് ഗോപി. 2016ല്‍ മുംബൈയില്‍ നടന്ന 42 കിലോമീറ്റര്‍ മുഴു മാരത്തോണില്‍ കൂട്ടുകാര്‍ക്ക് ഊര്‍ജം പകരാന്‍ എത്തി ഒളിമ്പിക്‌സ് യോഗ്യത നേടിയതോടെയാണ് ഗോപി വാര്‍ത്തകളില്‍ നിറയുന്നത്. നേരത്തെ നിരവധി മാരത്തണുകളില്‍ പങ്കെടുത്തിരുന്നെങ്കിലും ആദ്യത്തെ മുഴു മാരത്തോണായിരുന്നു മുംബൈയിലേത്.
ഗോപിക്ക് മുന്‍പ് വനിതകളില്‍ ഇന്ത്യയുടെ ആശാ അഗര്‍വാള്‍ ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മാരത്തണില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.
