ബംഗളുരു: ഗൗരി ലങ്കേഷ് കൊലക്കേസില്‍ അന്വേഷണം എങ്ങുമെത്താത്തതില്‍ വിമര്‍ശനമുയരുന്നതിനിടെ കൊലയാളികളെ ഉടന്‍ പിടികൂടുമെന്ന് ആവര്‍ത്തിച്ച് കര്‍ണാടക സര്‍ക്കാര്‍. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ആഭ്യന്തര മന്ത്രി രാമലിംഗറെ‍ഡ്ഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് ആലോചിക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

കല്‍ബുര്‍ഗി കേസുപോലെയാവും ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണവുമെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ആര്‍.ആര്‍ നഗറിലെ വീട്ടില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് 25 ദിവസമായിട്ടും ഇരുട്ടില്‍ തപ്പുകയാണ് അന്വേഷണസംഘം. ഇതിനിടയിലാണ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നും അത് വെളിപ്പെടുത്താനാകില്ലെന്നുമാണ് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണമെന്ന ഒരു ജോലി മാത്രമാണ് അവര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. പൊലീസില്‍ വിശ്വാസമാണെന്നും സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധവുമായ ഇറങ്ങാനാണ് ഗൗരി ലങ്കേഷിന്റെ സുഹൃത്തുക്കളുടെ തീരുമാനം. അവരുടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നാണ് സൂചന. ഇതിനിടെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത തേടുകയാണ് അന്വേഷണ സംഘം. അമേരിക്കയിലെ ലാബിലേക്ക് ദൃശ്യങ്ങള്‍ അയച്ചു. ചുവന്ന നിറമുളള ബജാജ് പള്‍സര്‍ ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്നാണ് നിഗമനം. കര്‍ണാടകത്തിലെ ഇത്തരത്തിലുളള ഒരു ലക്ഷത്തിലധികം ബൈക്കുകളുടെ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. നരേന്ദ്ര ധബോല്‍ക്കര്‍ കേസിലെ അന്വേഷണ വിവരങ്ങള്‍ മുംബൈയിലെ സി.ബി.ഐ ഓഫീസിലെത്തി പ്രത്യേക സംഘം ശേഖരിച്ചിട്ടുണ്ട്.