ഡോക്ടര്‍മാരുടെ സമരം കര്‍ശനമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

First Published 16, Apr 2018, 11:13 AM IST
goverment to face doctors strike
Highlights
  • ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കില്ല ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി വന്നാല്‍ അവരുന്നയിച്ച വിഷയം ചര്‍ച്ച ചെയ്യാം എന്നാണ് സര്‍ക്കാര്‍ നിലപാട്. 

തിരുവനന്തപുരം:സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ കര്‍ശനമായി നേരിടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സമരം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനം. സമരത്തെ നേരിടാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 

ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ച രീതിയിലും അതിനായി ഉന്നയിച്ച കാരണങ്ങളിലും ഒരു നീതിയുമില്ലെന്ന വികാരമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. സംസ്ഥാനമൊട്ടാകെ ഡോക്ടര്‍മാരുടെ സമരം കാരണം രോഗികള്‍ വലയുകയാണ്. ഇത്  ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. അതിനാല്‍ തന്നെ ഒരു ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കില്ല ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി വന്നാല്‍ അവരുന്നയിച്ച വിഷയം ചര്‍ച്ച ചെയ്യാം എന്നാണ് സര്‍ക്കാര്‍ നിലപാട്. 

അതേസമയം ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സ്തംഭിച്ച അവസ്ഥയിലാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പലതും ഇതിനോടകം അടച്ചു പൂട്ടി. മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ വച്ചും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചുമാണ് സര്‍ക്കാര്‍ നേരിടുന്നത്.എന്നാല്‍ ഇവിടെയെല്ലാം ഒപി കൗണ്ടറുകള്‍ തുറന്നിട്ടുമില്ല. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അസാന്നിധ്യം കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നുമുണ്ട്.

സമരം നാലാം ദിവസത്തിലേക്ക് കടക്കുന്പോഴും ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘടന. ഒരു ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതും വൈകുന്നേരത്തെ ഒപി സമയം ദീര്‍ഘിപ്പിച്ചതിലും പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. എന്തായാലും സമരം കര്‍ശനമായി നേരിടാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട നിര്‍ദേശിച്ച സ്ഥിതിക്ക് കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും എന്ന് വ്യക്തമാണ്. പ്രോബോഷനിലുള്ള ഡോക്ടര്‍മാരെ സ്ഥലംമാറ്റുന്നതടക്കമുള്ള നടപടികള്‍ ഇന്ന് തന്നെ ഉണ്ടാവും എന്നാണ് സൂചന. അതേസമയം പ്രശ്നപരിഹാരത്തിനായി ഐഎംഎ അടക്കുമുള്ളവര്‍ സജീവമായി രംഗത്തുണ്ട്. 
 

loader