സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റി. എന്‍. നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല. ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്‍റേത് തീരുമാനം.
ദില്ലി: സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റി. എന്‍. നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല. ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്‍റേത് തീരുമാനം. സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെയും നടപടി. അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. സിബിഐ തലപ്പത്തെ ഉള്‍പ്പോരിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. അലോക് വര്‍മ്മയുടെയും രാകേഷ് അസ്താനയുടെയും സിബിഐ ആസ്ഥാനത്തെ ഓഫീസുകള്‍ അടച്ചുപൂട്ടി.
അതേസമയം, സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയും ഉപ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള ഏറ്റുമുട്ടൽ കോടതിവരെ എത്തിയിരിക്കുകയാണ്. ഒരു കോഴ കേസ് ഒതുക്കിതീര്‍ക്കാൻ ഇറച്ചി വ്യാപാരി മോയിൻ ഖുറേഷിയിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സിബിഐ ഉപ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ സിബിഐ തന്നെ കേസെടുത്തിരുന്നു. സിബിഐ ഡയറക്ര്ടര്‍ അലോക് വര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ഈ കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായി രാകേഷ് അസ്താനയുടെ അനുയായ ഉദ്യോഗസ്ഥൻ ദേവേന്ദ്ര കുമാറിനെ കഴിഞ്ഞ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് രാകേഷ് അസ്താനയും ദേവേന്ദ്ര കുമാറും ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച ദില്ലി ഹൈക്കോടതി അതുവരെ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചു. രാകേഷ് അസ്താനക്കെതിരെയുള്ള കേസിന്‍റെ വിവരങ്ങൾ നൽകാൻ സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇപ്പോൾ നടക്കുന്ന അന്വേഷവുമായി മുന്നോട്ടുപോകുന്നതിന് തടസ്സമില്ല. കസ്റ്റഡിയിലുള്ള ഡെപ്യുട്ടി സുപ്രണ്ടന്‍റ് ദേവന്ദ്ര കുമാറിനെ ഏഴ് ദിവസത്തേക്ക് അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു. സംഭവം ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ് സിബിഐക്ക് ഉണ്ടാക്കുന്നത്. ഇതിന് പിന്നാലെയാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും ഉപ ഡയറക്ടര്‍ അസ്താനയെയും പ്രധാനമന്ത്രി വിളിച്ചുവരുത്തി സംസാരിച്ചത്.
