തിരുവനന്തപുരം: അരിക്ഷാമം തടയാന്‍ സപ്ലൈക്കോയില്‍ ആന്ധ്ര അരി വിതരണം തുടങ്ങി. വിലക്കയറ്റം തടയാന്‍ ടെണ്ടർ ഒഴിവാക്കി അരി എത്തിച്ചതിനാല്‍ ഇറക്കുമതി ചെയ്ത ജയ അരിക്ക് സബ്സിഡി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അരിയുടെ ഗുണനിലവാരം അടക്കം വിലയിരുത്താന്‍ ഭക്ഷ്യമന്ത്രി സിവില്‍ സപ്ലൈസ് ഓഫീസില്‍ പരിശോധന നടത്തി.
കുതിച്ചുയരുന്ന അരി വില പിടിച്ചുനിര്‍ത്താനും ക്ഷാമം പരിഹരിക്കാനുമാണ് ബംഗാളില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബംഗാളില്‍ നിന്ന് 800 ടൺ സുവർണ മസൂരിയും, ആന്ധ്രയില്‍ നിന്ന് ജയയുടെ ലളിത ബ്രാന്‍റുമാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. മുന്തിയ ഇനമായതിനാലും ടെണ്ടര്‍ ഒഴിവാക്കിയതിനാലും സബ്സിഡി നിരക്കില്‍ ലളിത ജയ ലഭ്യമാക്കാന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കിലോയ്ക്ക് 41.57 പൈസ നിരക്കിലാകും വില്‍പ്പന.
അരിക്ഷാമം രൂക്ഷമായ തിരുവനന്തപുരം, കൊട്ടാരക്കര, എറണാകുളം, കോട്ടയം 58 എന്നിവിടങ്ങളിലാണ് ആദ്യ ലോഡുകള്‍ നല്‍കുക.
മാവേലി സ്റ്റോറുകള്‍ വഴിയും അരിക്കടകളിലൂടെയും പരമാവധി അരി വിതരണം സുഗമമാക്കി വിലക്കയററവും ക്ഷാമവും നേരിടമെന്ന കണക്കൂട്ടലിലാണ് സര്‍ക്കാര്‍
അതിനിടയില്‍ അരി ക്ഷാമം മറികടക്കാൻ ആവശ്യമെങ്കിൽ രാജ്യത്തിന് പുറത്തുനിന്നും അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അരി ലഭ്യതയുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നും അരിയെത്തിക്കാനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
