കെട്ടിട നിര്‍മാണചട്ടം ലംഘിച്ച് നിര്‍മിച്ച വീടുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ പിഴയടച്ച് ക്രമപ്പെടുത്താനുളള വിജ്ഞാപനം കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്

കോഴിക്കോട്: അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ പിഴയീടാക്കി ക്രമപ്പെടുത്താന്‍ സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടപടി തുടങ്ങി. 2017 ജൂലൈ 31ന് മുന്‍പ് നിര്‍മിച്ച കെട്ടിടങ്ങളാണ് ഇപ്പോള്‍ പിഴ ഈടാക്കി ക്രമപ്പെടുത്തുന്നത്.

കെട്ടിട നിര്‍മാണചട്ടം ലംഘിച്ച് നിര്‍മിച്ച വീടുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ പിഴയടച്ച് ക്രമപ്പെടുത്താനുളള വിജ്ഞാപനം കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പ്ലാനില്‍ പറഞ്ഞതില്‍ കൂടുതല്‍ നിലകളില്‍ കെട്ടിടം നിര്‍മിക്കുക, കൂടുതല്‍ വിസ്തൃതിയില്‍ നിര്‍മാണം നടത്തുക, ദൂരപരിധി പാലിക്കാതിരിക്കുക തുടങ്ങി അഞ്ച് രീതിയിലുളള ചട്ടലംഘനങ്ങളാണ് പിഴയീടാക്കി ക്രമപ്പെടുത്തുന്നത്. സ്വയം നിയമലംഘനം സാക്ഷ്യപ്പെടുത്തി ഓരോ വ്യക്തിക്കും തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കാം.

പഞ്ചായത്തുകളില്‍ 600 സ്ക്വയര്‍ ഫീറ്റ് വരെയുളള വീടുകള്‍ക്ക് പിഴയില്ല. 600മുതല്‍ 1000 സ്ക്വയര്‍ ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ക്ക് 2000 രൂപയാണ് പിഴ. 2000 സ്ക്വയര്‍ഫീറ്റ് വരെയുളള കെട്ടിടങ്ങള്‍ക്ക് 15,000 രൂപയും 3000 സ്ക്വയര്‍ ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ക്ക് 20,000 രൂപയുമാണ് പിഴ. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് 25 ശതമാനമാണ് പിഴ. പാര്‍ക്കിങിന് സ്ഥലമില്ലെങ്കില്‍ കാറൊന്നിന് രണ്ടു ലക്ഷം രൂപ വരെ പിഴയടയ്ക്കേണ്ടി വരും. അതേസമയം, നെല്‍വയല്‍ സംരക്ഷണ നിയമം, തീരദേശ സംരക്ഷണ നിയമം, പരിസ്ഥിതി നിയമങ്ങള്‍ എന്നിവയുടെ ലംഘനങ്ങള്‍ ഇത്തരത്തില്‍ ക്രമപ്പെടുത്താന്‍ അനുമതിയില്ല.