സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനകാര്യം ഉള്‍പ്പെടെ 30 വകുപ്പുകളിലാണ് കേരള അഡ്മിനിസ്‍ട്രേറ്റീവ് സര്‍വീസ് നടപ്പാക്കാന്‍ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചത്. സെക്രട്ടേറിയറ്റിലെ വകുപ്പുകളെ കെ.എ.എസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. സ്ഥാനക്കയറ്റം മുടങ്ങുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. എന്നാല്‍ ഈ എതിര്‍പ്പുകള്‍ക്കുമുന്നില്‍ തീരുമാനം മാറ്റേണ്ടതില്ലെന്നാണ് മന്ത്രിസഭ യോഗ തീരുമാനം. സമരക്കാരുമായി ചര്‍ച്ച നടത്താനും തീരുാമനമായി. അതേസമയം നിലവിലെ രീതിയില്‍ കേരള അഡ്മിനിസ്‍ട്രേറ്റീവ് സര്‍വീസ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനും ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനും. വ്യാഴാഴ്ച സൂചന പണിമുടക്ക് നടത്താനും പ്രതിപക്ഷ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെ.എ.എസ് നടപ്പാക്കാന്‍ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നെങ്കിലസും പ്രതിഷേധങ്ങളെ തുടര്‍ന്ന് ഉത്തരവ് പിന്നീട് മരവിപ്പിക്കുകയായിരുന്നു.