മലയാളിയുടെ വെള്ളംകുടി മുട്ടാതിരിക്കാന്‍ ജലഅതോറിറ്റിയില്‍ കാലാനുസൃതമായ പരിഷ്കരണങ്ങളാണ് വേണ്ടതെന്ന നിലപാടാണ് മന്ത്രി മാത്യു ടി തോമസിന്. ജല അതോറിറ്റി ശുദ്ധീകരിച്ച് നല്‍കുന്ന 250 കോടി ലിറ്റര്‍ ജലത്തില്‍ 150 കോടി ലിറ്റര്‍ ജലത്തിന് മാത്രമാണ് പണം ലഭിക്കുന്നത്. 100 കോടി ലിറ്റര്‍ ജലത്തിന് ജല അതോറിറ്റിക്ക് പണം കിട്ടുന്നില്ല. ഈ സാഹചര്യം മാറിയാല്‍ തന്നെ അതോറിറ്റിയുടെ സാമ്പത്തിക നില മെച്ചപ്പെടും.

സംസ്ഥനത്ത് 30 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ശുദ്ധീകരിച്ച ജലം കിട്ടുന്നത്. ഇത് നൂറ് ശതമാനത്തിലേക്കെത്തിക്കാനുള്ള കര്‍മ്മ പരിപാടി തുടങ്ങി. പഴയ യന്ത്രങ്ങള്‍ നവീകരിച്ച് ജല വിതരണത്തിലെ പാകപ്പിഴകള്‍ പരിഹരിക്കും. പുതിയ കുടിവെള്ള പദ്ധതികള്‍ക്കായുള്ള ധനസമാഹരണത്തിനായി വിവിധ മേഖലകളില്‍ നിന്ന് വായ്പ നേടിയെടുക്കാന്‍ ശ്രമിക്കും. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ ആധുനിക വത്കരണമെന്ന ഒറ്റമൂലിയിലാണ് മന്ത്രിയുടെ വിശ്വാസം.