ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പുതിയ കേരളം സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുന്പോള്‍ ആണ് ലോകമെന്പാടുമുള്ള മലയാളികളോട് ഒരു മാസത്തെ ശന്പളം നവകേരളം നിര്‍മ്മാണത്തിനായി നീക്കിവയ്ക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്

തിരുവനന്തപുരം: പുതിയ കേരളത്തിന്‍റെ നിര്‍മ്മാണത്തിനായി ഒരു മാസത്തെ ശന്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. തന്‍റെ ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഗവര്‍ണര്‍ പി.സദാശിവം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തന്‍റെ വിഹിതം ഇന്നു തന്നെ നല്‍കും. നേരത്തെ തന്നെ അദ്ദേഹം ഒരു മാസത്തെ ശന്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ആശയം മികച്ചതായിരുന്നു എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഗവര്‍ണര്‍ക്ക് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും തന്‍റെ ഒരു മാസത്തെ ശന്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്ന് അറിയിച്ചു. സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ തന്‍റെ സഹപ്രവര്‍ത്തകരേയും അദ്ദേഹം ക്ഷണിച്ചു. 

പ്രളയദുരിതത്തില്‍ തകര്‍ന്ന കേരളത്തെ പുതുക്കി പണിയുക ലക്ഷ്യം മുന്‍നിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പുതിയ കേരളം സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുന്പോള്‍ ആണ് ലോകമെന്പാടുമുള്ള മലയാളികളോട് ഒരു മാസത്തെ ശന്പളം നവകേരളം നിര്‍മ്മാണത്തിനായി നീക്കിവയ്ക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. മാസത്തിലെ മൂന്ന് ദിവസത്തെ വേതനം തവണകളായി നല്‍കി കൊണ്ട് പത്ത് മാസം കൊണ്ട് ഒരു മാസത്തെ ശന്പളം നാടിന്‍റെ പുന:നിര്‍മ്മാണത്തിനായി നല്‍കണമെന്ന ആശയമാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. 

മണിക്കൂറുകള്‍ക്കുള്ളില്‍ ലോകമെന്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികളാണ് മുഖ്യമന്ത്രിയുടെ ഈ ആശയം അഭിമാനപൂര്‍വ്വം ഏറ്റെടുത്തത്. ഒരു മാസത്തെ ശന്പളം പങ്കുവയ്ക്കാനുള്ള ക്യാംപെയ്ന്‍ എന്നിങ്ങനെ നിരവധി ഹാഷ് ടാഗുകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമായി. പ്രശസ്തരും സാധാരണക്കാരും പ്രവാസികളും സ്വദേശികളുടമക്കം ആയിരങ്ങളാണ് സ്വന്തം വരുമാനത്തില്‍ ഒരു പങ്ക് പുതിയ കേരളം എന്ന സ്വപ്നത്തിനായി പങ്കുവയ്ക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നത്. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, പെന്‍ഷന്‍കാരും, സ്വകാര്യ-പൊതുമേഖലജീവനക്കാരും ഒരു മാസത്തെ വരുമാനം പങ്കുവയ്ക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.