പാലക്കാട്: പാലക്കാട് ഗോവിന്ദാപുരം അംബ്ദേക്കര്‍ കോളനി നിവാസികള്‍ക്ക് ഓണക്കാലത്തും ദുരിതം. കോളനിയിലെ ചൊക്ലിയ വിഭാഗങ്ങള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഭരണപ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇവിടെ ഒഴുകിയെത്തിയിരുന്നു . തുടര്‍ന്ന് കോളനിയില്‍ പണിയാന്‍ പോകുന്ന വീടുകളെക്കുറിച്ചും വികസനങ്ങളെക്കുറിച്ചുമുള്ള പ്രഖ്യാപനങ്ങളായിരുന്നു.
മൂന്ന് മാസം മുമ്പാണ് പട്ടികജാതി കമ്മീഷനോടും ഭരണ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോടും, ജില്ലാ ഭരണകൂടത്തോടും ഇവര്‍ തങ്ങളുടെ ദുരിതം പങ്കുവെച്ചത്. എന്നാല്‍ മൂന്ന് മാസത്തിനിപ്പുറവും കാര്യങ്ങള്‍ക്ക് മാറ്റമില്ല. മഴക്കാലം തുടങ്ങിയതോടെ കോളനിയില്‍ കുടിവെള്ളം നല്‍കുന്നത് പഞ്ചായത്ത് നിറുത്തി. കോളനിയില്‍ കിണറുകളില്ലാത്തതിനാല്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ മീന്‍കര ഡാമില്‍ നിന്ന് വരുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്രയം. ഓണക്കാലമായിട്ടും മിക്കവര്‍ക്കും പണിയില്ലാത്തത് ഇവരുടെ ദുരിതം വര്‍ധിപ്പിക്കുന്നു.ഒാണമെന്നത് ഇവര്‍ക്ക് കേട്ടുകേള്‍വി മാത്രമാണ്. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കമാത്രമാണ് ഒാരോ കോളനി നിവാസികള്‍ക്കും ഈ ഓണക്കാലത്തും.
