Asianet News MalayalamAsianet News Malayalam

ചരിത്രം കുറിച്ച് നിയമഭേദഗതി: ഇരിപ്പിടം നിയമപരമായ അവകാശമാക്കി സര്‍ക്കാര്‍

തൊഴിൽ സ്ഥാപനങ്ങളിൽ ജോലിക്കിടെ സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്ന നിയമഭേദഗതി നിലവിൽ വന്നു. ഇത് സംബന്ധിച്ച് ഗവർണർ ഓർഡിനൻസ് പുറപ്പെടുവിച്ചു. നിയമഭേദഗതി ഉടൻ നടപ്പിലാക്കാൻ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരോടും തൊഴിലുടമകളോടും അഭ്യർത്ഥിച്ചു

govt amends shop and establishment law workers can sit during work
Author
Thiruvananthapuram, First Published Oct 23, 2018, 11:18 PM IST

തിരുവനന്തപുരം:  തൊഴിൽ സ്ഥാപനങ്ങളിൽ ജോലിക്കിടെ സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്ന നിയമഭേദഗതി നിലവിൽ വന്നു. ഇത് സംബന്ധിച്ച് ഗവർണർ ഓർഡിനൻസ് പുറപ്പെടുവിച്ചു. നിയമഭേദഗതി ഉടൻ നടപ്പിലാക്കാൻ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരോടും തൊഴിലുടമകളോടും അഭ്യർത്ഥിച്ചു.

ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിൽ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടും പ്രാബല്യത്തിൽ വരുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് നേരത്ത റിപ്പോർട്ട് ചെയ്തിരുന്നു. ജോലിസമയം മുഴുവൻ സ്ത്രീതൊഴിലാളികൾ നിന്ന് തന്നെയാണ് തൊഴിലെടുക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഭേദഗതി നടപ്പാക്കാൻ ഉടൻ ഇടപെടുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷോപ്സ് ആൻ്‍റെ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിൽ വരുത്തിയ ഭേദതഗികൾ നിലവിൽ വന്നതായി ഗവർണർ ഓർഡിനൻസ് ഇറക്കിയത്. 

1960ലെ കേരള ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന്‍റെ പരിധിയില്‍ മൂന്നരലക്ഷം സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 35 ലക്ഷം തൊഴിലാളികള്‍ നിയമത്തിന്റെ പരിധിയില്‍ വരും. നിയമലംഘനങ്ങള്‍ക്കുള്ള പിഴ നിയമഭേദഗതിയിലൂടെ വര്‍ധിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി

ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു. 2014 മാർച്ചിലാണ് ഇരിക്കാൻ അനുവദിക്കാതെ തൊഴിലെടുപ്പിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ സ്ത്രീതൊഴിലാളികള്‍ ഇരുപ്പ് സമരവുമായി തെരുവിലിറങ്ങിയത്. നിയമ ഭേദതഗി നടപ്പിലാക്കിക്കൊണ്ട് ഗവർണർ ഓർഡിനൻസ് പുറപ്പെടുവിച്ചതോടെ വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെടുന്നത്.
 

Follow Us:
Download App:
  • android
  • ios