ദില്ലി: തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവം പരാമർശിക്കാതെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തെരുവുനായ്ക്കളെ കൊല്ലില്ലെന്നും സംസ്ഥാനത്ത് തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാർക്കുകൾ സ്ഥാപിക്കുമെന്നും സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുമെന്ന വിവിധ മന്ത്രിമാരുടെ പ്രസ്താവന തള്ളിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. തെരുവുനായ്ക്കളുടെ അക്രമം കൂടിവരുന്ന സാഹചര്യത്തെകുറിച്ചോ, തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തെകുറിച്ചോ സത്യവാങ്മൂലത്തിൽ പരാമർശില്ല. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നില്ല.

തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാൻ ജില്ലാകേന്ദ്രങ്ങളിൽ ഡോഗ് പാർക്കുകൾ സ്ഥാപിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുനിസിപ്പാലിറ്റികളിൽ പ്രത്യേക പുനരധിവാസ കേന്ദ്രങ്ങളും തുടങ്ങും. മുനിസിപ്പാലിറ്റി പരിധിയിലുള്ള കാർഷിക ഫാമുകൾ ഇതിനായി മൂന്നര ഏക്കർ വരെ സ്ഥലം അനുവദിക്കണം. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് താത്പര്യമുള്ളവർക്ക് പട്ടികളെ ദത്തെടുക്കാം.

പുനരധിവാസ കേന്ദ്രങ്ങളിലുളള പട്ടികളെ വന്ധ്യംകരിക്കുകയും ആർഎഫ്ടി ടാഗുകളിൽ ഘടിപ്പിക്കുകയും ചെയ്യും. വളർത്തുനായ്ക്കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും പുതിയ വളർത്തുനയ നയം കൊണ്ടുവരുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.