കോഴിക്കോട്: കോഴിക്കോട്ടെ മലാപ്പറമ്പ് സ്കൂള്‍ ഉള്‍പ്പടെ അടച്ചുപൂട്ടാനൊരുങ്ങിയ സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഇനിയും ഫലംകണ്ടില്ല.ഏറ്റെടുക്കാനിരിക്കുന്ന സ്കൂളുകളുടെ നഷ്ടപരിഹാരം നിശ്ചയിക്കാന്‍ കാലതാമസമെടുക്കുമെന്ന ഉത്തരവ് പിന്നീട് ഇറക്കി കൈപൊള്ളിയ അവസ്ഥയിലാണ് വിദ്യഭ്യാസ വകുപ്പ്. ഏറ്റെടുക്കലിനെതിരെ മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചതും നടപടികള്‍ക്ക് തിരിച്ചടിയായി.

വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും ഒരു സ്കൂള്‍ പോലും ഏറ്റെടുക്കാന്‍ സര്‍ക്കാരിനായിട്ടില്ല.നിയമസഭയിയില്‍ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. മാനേജ്മെന്റുകളുമായി ചര്‍ച്ച നടന്നു. പക്ഷേ സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തില്‍ തട്ടി തീരുമാനം അനന്തമായി നീളുകയാണ്. ഇതിനിടെ നടപടികളുടെ പ്രതിസന്ധി വ്യക്തമാക്കും വിധം വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.

നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി സമയം വേണമെന്നും, ഇക്കാര്യത്തില്‍ തീരുമാനമാകുമ്പോള്‍ മുതല്‍ മാത്രമേ സ്കൂളുകള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നതു മുതല്‍ സ്കൂളുകളുടെ അവകാശം സര്‍ക്കാരിനായിരിക്കുമെന്ന നിലപാട് തിരുത്തല്‍ കൂടിയാണ് ഈ ഉത്തരവിലൂടെ നടന്നത്. ഇതിനിടെ വില നിശ്ചയിക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ഏകപക്ഷീയമായ ഏറ്റെടുക്കല്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റുകള്‍ ഹൈക്കോടതിയില്‍ അഭയം തേടി. നാലിടങ്ങളിലെ താല്‍ക്കാലിക സംവിധാനത്തിന്റെ പരിമിതികള്‍ക്കിടെ കുട്ടികള്‍ പഠനം തുടരുന്നു.

അതേസമയം ഭീമമായ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുന്ന നടപടിക്കെതിരെ ധനവകുപ്പ് അസംതൃപ്തി പ്രകടിപ്പിച്ചതായും സൂചനയുണ്ട്.നാല് സ്കൂളുകള്‍ക്ക് പുറമെ 34 സ്കൂളുകള്‍ കൂടി അടച്ചുപൂട്ടല്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി ഒരു സ്കൂളുപോലും അടച്ചുപൂട്ടാനനുവദിക്കില്ലെന്ന പ്രഖ്യാപനവും സര്‍ക്കാരിന് മേലുള്ള സമ്മര്‍ദ്ദം കൂട്ടുകയാണ്.