ജിഎസ്‍ടി നിലവിൽ വന്നതോടെ പരമ്പരാഗത മത്സ്യ ബന്ധന മേഖലയ്ക്കും വൻ തിരിച്ചടി. മത്സ്യബന്ധന ഉപകരണങ്ങളുടെ വിലയിൽ വലിയ വ്യത്യാസമാണ് ജിഎസ്ടി വഴി ഉണ്ടാകുന്നത്. മീൻവില വർദ്ധനയടക്കമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നികുതി ഭാരം കുറയ്ക്കാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മത്സ്യതൊഴിലാളി സംഘടനകൾ.

താപ്പുവലയെന്ന് മത്സ്യതൊഴിലാളികൾ പറയുന്ന ഈ വലയ്ക്ക് 12 ശതമാനമാണ് നികുതി. പത്ത് കിലോ വലവാങ്ങിയാൽ അയ്യായിരം രൂപ ചെലവാക്കുന്നിടത്ത് ഇനി ഒരു കിലോ വലയുടെ കാശ് അധികം മുടക്കണം. മൂന്ന് തവണയിൽ കൂടുതൽ ഉപയോഗിക്കാനാകില്ലെന്നിരിക്കെ കടലിൽ പോകണമെങ്കിൽ ചിലവ് ഇരട്ടിയാകും. ചൂണ്ടയ്ക്ക് 12 ശതമാനം നികുതി. വലയിൽ കെട്ടാനുള്ള റോപ്പിന് 18 ശതമാനം ജിഎസ്ടി. ഔട് ബോര്‍ഡ് എൻജിന്റെ നികുതി 14.5 ൽ നിന്ന് 28 ശതമാനമായി ഉയര്‍ന്നു. ഐസ് ബോര്‍ഡിന് 14 ശതമാനം നികുതി ഉണ്ടായിരുന്നത് 18 ശതമാനമായി.

സീസണിൽ പോലും വറുതിയാണെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത് . മീൻ ലഭ്യത വൻതോതിൽ കുറഞ്ഞെന്ന് മാത്രമല്ല മത്സ്യബന്ധന ചെലവ് കുത്തനെ കൂടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജിഎസ്ടി കൂടി തിരിച്ചടിയായത്. ഉണക്ക മീനിന് അടക്കം സംസ്കരിച്ച മത്സ്യ ഉത്പന്നങ്ങൾക്ക് ജിഎസ്ടി ബാധകമാണ്. പൊതുവിപണിയിൽ മീൻ വില വര്‍ദ്ധനക്കും തീരുമാനം ഇടയാക്കുമെന്നാണ് ആശങ്ക.