ഗാന്ധിനഗര്‍: പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെതിരായ സെക്‌സ് സിഡി വിവാദത്തിന് പിന്നാലെ പ്രഖ്യാപിച്ച സാമുദായിക മഹാറാലി അനുമതി നിഷേധിച്ചാലും നടത്തുമെന്ന് ഹര്‍ദിക് പട്ടേല്‍. റാലിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചെങ്കിലും റാലി നടത്തുമെന്നാണ് പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി അറിയിച്ചിരിക്കുന്നത്. ബിജെപിക്കെതിരായ വലിയ ബോംബ് പുറത്തുവിടുമെന്നും ഹര്‍ദിക് ഭീഷണിപ്പെടുത്തി. 

ഹര്‍ദിക് പട്ടേലിന്റെതെന്ന് കരുതുന്ന കിടപ്പുമുറി ദൃശ്യങ്ങള്‍ സ്വകാര്യ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ഹര്‍ദിക് ബി.ജെ.പിയെ വെല്ലുവിളിക്കുകയായിരുന്നു. തനിക്കെതിരായ സെക്‌സ് സി.ഡി ആരോപണത്തിന് ശേഷവും തനിക്കുള്ള പിന്തുണ റാലിയില്‍ പ്രകടമാകുമെന്നാണ് ഹര്‍ദിക് വ്യക്തമാക്കിയിരിക്കുന്നത്.

തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേല്‍ സമുദായ നേതാവ് പ്രഖ്യാപിച്ച റാലിയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായാല്‍ ബി.ജെ.പിയെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാകും. ദളിത് നേതാവ് ജിഗ്നേഷ് മേവാനിയടക്കമുള്ളവര്‍ ഹര്‍ദിക്കിന് പിന്തുണയുമായി റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം ഗാന്ധിനഗര്‍ പോലീസ് റാലിക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ജന്മദേശമായ മാന്‍സയിലാണ് റാലി പ്രഖ്യാപിച്ചിരിക്കുന്നത്. 2015ല്‍ റിസര്‍വേഷന്‍ ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗത്തിന്റെ പ്രക്ഷോഭം ആരംഭിച്ചതും ഇതേ സ്ഥലത്തായിരുന്നു.