ദില്ലി: ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ മഹാസഖ്യം രുപീകരിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. ജെഡിയു, പട്ടേല്‍ സമുദായം. ഒബിസി, ദളിത് വിഭാഗങ്ങള്‍ എന്നീവരെയെല്ലാം ഒരുമിപ്പിച്ച് ബിജെപിയെ വെല്ലുവിളിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 

പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും ഗുജറാത്തില്‍നിന്നുള്ള ആളുകളാണ്. ഗുജറാത്തില്‍ തോറ്റാല്‍ ബിജെപിയുടെ അവസ്ഥ ദയനീയമായിരിക്കും. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് തയ്യാറായി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിനായി നിര്‍ണായ വോട്ട് ചെയ്ത ജെഡിയു എംഎല്‍എയാണ് ഛോട്ടു ബസുവ. ശരദ് യാദവ് നയിക്കുന്ന ജെഡിയുവിന്റെ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റായ ബസുവ ആദിവാസി നേതാവ് കൂടിയാണ്. ശരദ് യാദവിന്റെ നിര്‍ദേശപ്രകാരം ബസുവ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണമാവശ്യപ്പെട്ട് സമരം നയിച്ച പട്ടേല്‍ സമുദായം ബിജെപിയുമായി അകലത്തിലാണ്. സമരസമയത്ത് എടുത്ത കേസുകളെല്ലാം പിന്‍വലിച്ച് പട്ടേല്‍ വിഭാഗത്തെ കൂടെനിര്‍ത്താന്‍ ബിജെപി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ ബിജെപിയെ തോല്‍പിക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ പരസ്യമായി വെല്ലുവിളിച്ചുകഴിഞ്ഞു. 

രാഹുലുമായി ഹാര്‍ദിക് ചര്‍ച്ചനടത്തുമെന്നാണ് സൂചന. ഒബിസി വിഭാഗത്തിനായി സമരം നയിക്കുന്ന അല്‍പേഷ് ഠാക്കൂറും ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനിയും ഒപ്പംവന്നാല്‍ കോണ്‍ഗ്രസിന് വലിയ ബലമാകും. അങ്ങനെ പട്ടേല്‍, ഒബിസി, ദളിത് ഐക്യത്തിലൂടെ ബിജെപിയെ തറപറ്റിക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. നവബംര്‍ ആദ്യവാരം രാഹുല്‍ഗാന്ധി തെക്കന്‍ ഗുജറാത്തില്‍ പര്യടനം നടത്തുന്നുണ്ട്. സഖ്യംസംബന്ധിച്ച് അന്തിമതീരുമാനം അപ്പോഴുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.