ബിജെപി കേന്ദ്ര നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയകാര്യം ഫെയ്‌സ്ബുക്കിലൂടെയാണ് ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചത്. പ്രായം 75 ആകാന്‍പോകുന്നു. അതുകൊണ്ട് ചുമതലളില്‍നിന്നും ഒഴിവാക്കിത്തരാന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. രാജിക്കത്ത് ലഭിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സ്ഥിരീകരിച്ചു.
പട്ടേല്‍ പ്രക്ഷോഭം മുതല്‍ ദലിത് പ്രതിഷേധം വരെ രൂക്ഷമായ കാലമായിരുന്നു ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയുടേത്. ചത്ത പശുവിന്റെ തോല് ഉരിഞ്ഞെന്നാരോപിച്ച് ഉനയില്‍ നാലു ദളിദ് യുവാക്കളെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചതടക്കം ഗുജറാത്തില്‍ ദളിതര്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളെ ചെറുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം ഉയര്‍ന്നു. പട്ടേല്‍ സമുദായം സംവരണത്തിനായി നടത്തിയ പ്രക്ഷോഭങ്ങളെ തണുപ്പിക്കാനും ആനന്ദീബെന്നിന് ആയില്ല. ക്യാബിനെറ്റിനകത്തും ആനന്ദീബെന്‍ പട്ടേല്‍ എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റിയേക്കുമെന്നുള്ള അഭ്യൂഹം മാസങ്ങളായി തുടരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് നേട്ടം കൈവരിച്ചിരുന്നു. അടുത്തവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പാണ്. ഇക്കുറി ആംആദ്മി പാര്‍ട്ടിയും ശക്തമായി മത്സരരംഗത്തുണ്ട്. ഈസാഹചര്യത്തില്‍ 16 വര്‍ഷത്തിലേറെയായി ഗുജറാത്തില്‍ തുടര്‍ ഭരണം നടത്തുന്ന ബി ജെ പിക്ക് മുഖം മാറ്റം അനിവാര്യമായി വരികയായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോഴാണ് 2014 മേയില്‍ ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായത്.
